1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2021

സ്വന്തം ലേഖകൻ: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്‍ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമായിരിക്കുമെന്ന വാദങ്ങള്‍ക്ക് സ്ഥീരികരണം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന ഇരട്ടസ്‌ഫോടനം. യുഎസ് സൈനികരും താലിബാനികളും സാധാരണക്കാരുമടക്കം കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-കെ അല്ലെങ്കില്‍ ഐ.എസ്.ഐ.എസ് ഖൊരാസന്‍ ഏറ്റെടുത്തിട്ടുണ്ട്.

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. 2011-ന് ശേഷം അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തിന് ഉണ്ടാകുന്ന ഏറ്റവും വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അവരുടെ 12 സൈനികരാണ് കൊല്ലപ്പെട്ടത്.

2014ല്‍ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനില്‍ രൂപംകൊണ്ട ഉപവിഭാഗമാണ് ഐഎസ് ഖൊരാസന്‍. ഐ.എസ്. നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച് പാക് താലിബാനില്‍നിന്ന് കൊഴിഞ്ഞുപോയ ഭീകരര്‍ രൂപം നല്‍കിയതാണിത്.

വടക്കു കിഴക്കന്‍ അഫ്ഗാനിലെ കുനാര്‍, നംഗര്‍ഹാര്‍, നൂരിസ്താന്‍ എന്നിവിടങ്ങളില്‍ വേരൂന്നിയതോടെ തൊട്ടടുത്തകൊല്ലം ഐ.എസ്. നേതൃത്വവും ഇവരെ അംഗീകരിച്ചു. പാകിസ്താനിലും വേരുകളുള്ള സംഘടനയ്ക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. ഇന്നത്തെ പാകിസ്താനും ഇറാനും അഫ്ഗാനും മധ്യേഷ്യയും ഉള്‍പ്പെട്ട മേഖലയുടെ പഴയ പേരാണ് ഖൊരാസന്‍.

അഫ്ഗാനിലും പാകിസ്താനിലും സമീപകാലത്ത് ഇവര്‍ നടത്തിയ മാരകമായ ആക്രമണങ്ങളാണ് ഇവരുടെ ശക്തി വിളിച്ചോതുന്നത്. ഇരുരാജ്യങ്ങളിലേയും പള്ളികള്‍, മറ്റു ആരാധനാലയങ്ങള്‍, പൊതുയിടങ്ങള്‍, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ നിരവധി സാധരണക്കാരാണ് കൊല ചെയ്യപ്പെട്ടത്. മതനിഷേധികള്‍ എന്ന് ഇവര്‍ കണക്കാക്കുന്ന ഷിയ വിഭാഗക്കാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം ഇവര്‍ നടത്തിയ ആക്രമണം ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. കാബൂളില്‍ ഷിയാ വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശത്തെ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ ഗര്‍ഭിണികളടക്കം 16 ഓളം പേരെ കൊലപ്പെടുത്തി.

താലിബാനും യുഎസ് സഖ്യസേനകളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നതിനാല്‍ എഎസ് ഖൊരാസന്‍ ഭീകരവാദികള്‍ക്ക് അഫ്ഗാനിലെ ഒരു പ്രദേശവും കൈവശപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ആധിപത്യം സ്ഥാപിക്കുന്നതിനായി വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ നഗരങ്ങളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന സ്ലീപ്പര്‍ സെല്ലുകളിലൂടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് യുഎന്‍-യുഎസ് രഹസ്യാന്വേഷണ സംഘങ്ങള്‍ വിലയിരുത്തുന്നത്.

മധ്യേഷ്യയിൽ ഖൊറാസന്റെ മാതൃസംഘടനയായ ഐഎസ് ചെയ്തതുപോലെ പ്രദേശം സ്വന്തമാക്കാന്‍ ഐഎസ്-ഖൊരാസന്‍ ശ്രമിച്ചെങ്കിലും താലിബാന് മുന്നില്‍ അവര്‍ പരാജയപ്പെട്ടു. വിശ്വാസത്തെ ത്യജിച്ചവരെന്നാണ് താലിബാന്‍ ഐഎസ് ഖൊരാസനെ വിശേഷിപ്പിച്ചത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ അഭിനന്ദനം ചൊരിഞ്ഞപ്പോള്‍ ഐഎസ്സും ഐഎസ് ഖൊരാസനും ഇതുവരെ സ്വാഗതം ചെയ്തിട്ടില്ല.

മാത്രമല്ല യുഎസുമായി താലിബാന്‍ കരാറുണ്ടാക്കിയതില്‍ കടുത്ത എതിര്‍പ്പാണ് അറിയിച്ചിട്ടുള്ളത്. ജിഹാദിന്റെ ഉദ്ദേശ്യത്തെ ഉപേക്ഷിച്ചുവെന്നാണ് താലിബാന്‍ നടപടിയെ ഐഎസ് വിശേഷിപ്പിച്ചത്. കരാറിലൂടെ താലിബാന്‍ ജിഹാദികളെ ഒറ്റിക്കൊടുത്തെന്നും പോരാട്ടം തുടരുമെന്നുമാണ് ഐഎസിന്റെ പ്രതികരണമെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നു.

യുഎസ്സുമായി താലിബാന്‍ ഉണ്ടാക്കിയ കരാറില്‍ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെങ്കില്‍ യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരേ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ഒരു സംഘടനയേയും വ്യക്തികളേയും അനുവദിക്കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.