1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2021

സ്വന്തം ലേഖകൻ: ഇറാനിലെ ഭരണ നേതൃത്വത്തിന്റെ മാതൃകയിൽ ഇന്നോ നാളെയോ പുതിയ സർക്കാർ പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നു. സംഘടനയുടെ മേധാവി മുല്ലാ ഹിബത്തുല്ല അഖുൻസാദയാവും അഫ്ഗാനിസ്ഥാന്റെ പരമോന്നത അധികാരകേന്ദ്രം. സർക്കാർ രൂപീകരണം സംബന്ധിച്ച എല്ലാ കൂടിയാലോചനകളും മന്ത്രിസഭാ ചർച്ചകളും പൂർത്തിയായെന്നു താലിബാൻ വക്താവ് അറിയിച്ചു.

ഇറാനിൽ പ്രസിഡന്റിനും മുകളിലാണു പരമോന്നത നേതാവിന്റെ പദവി. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും സർക്കാരിന്റെയും തലവന്മാരെ നിയമിക്കുന്ന പരമോന്നത നേതാവാണു രാഷ്ട്രീയ, മത, സൈനിക വിഷയങ്ങളിൽ അവസാന വാക്ക്. ഇതേ മാതൃകയിൽ ആയിരിക്കും മുല്ലാ ഹിബത്തുല്ല അഖുൻസാദ (60) പരമോന്നത നേതാവായി സ്ഥാനമേൽക്കുക. അഫ്ഗാൻ പ്രസിഡന്റും മന്ത്രിസഭയും അദ്ദേഹത്തിനു കീഴിലായിരിക്കും.

സ്ത്രീകളും വിവിധ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികളും പുതിയ സർക്കാരിലുണ്ടാകുമെന്നു താലിബാൻ ദോഹ ഓഫിസ് ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് പറഞ്ഞു. ഇന്ത്യ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായി നല്ല ബന്ധമാണു താലിബാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, യുഎസ് സേനാത്താവളമായിരുന്ന അഫ്ഗാനിലെ ബഗ്രാം വ്യോമത്താവളം ചൈന ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് യുഎന്നിലെ യുഎസിന്റെ മുൻ പ്രതിനിധി നിക്കി ഹേലി പറഞ്ഞു. പാക്കിസ്ഥാനെ ഉപയോഗിച്ച് ചൈന ഇന്ത്യയ്ക്കെതിരെ നീങ്ങുമെന്നും ട്രംപ് സർക്കാരിന്റെ ഭാഗമായിരുന്ന അവർ പറഞ്ഞു. യുഎസ് സേനാ പിന്മാറ്റത്തോടെ അടച്ചിട്ട കാബൂൾ വിമാനത്താവളം 48 മണിക്കൂറിനകം തുറക്കുമെന്നാണു സൂചന. ആഭ്യന്തര വിമാനസർവീസുകൾ നാളെ ആരംഭിക്കുമെന്നു അൽ ജസീറ റിപ്പോർട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.