
സ്വന്തം ലേഖകൻ: അഫ്ഗാൻ അഭയാർഥികളുമായി ആദ്യ വിമാനം ബ്രിട്ടനിലെത്തി. കാബൂളിൽ നിന്നുള്ള ആർ എ എഫിന്റെ രക്ഷാ ദൗത്യ വിമാനം ഓക്സ്ഫോർഡിലെ ബ്രൈസ് നോർട്ടണിലാണ് ഇറങ്ങിയത്. വിമാനത്തിൽ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ കുടിയേറ്റക്കാരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇനിയും ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടുന്ന നിരവധി പേരാണ് കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്.
താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായും പിടിച്ചടക്കിയതോടെ ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെ കുറഞ്ഞത് 6,000ത്തോളം സഹായികളെയും വിവർത്തകരെയും യുകെയിൽ എത്തിക്കുന്നതിനായുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നടപടിയുടെ ആദ്യ ഘട്ടമായാണ് നടപടി. ചൊവ്വാഴ്ച കാബൂളിൽ നിന്ന് മൂന്ന് യുകെ വിമാനങ്ങൾ ഉൾപ്പെടെ, കുറഞ്ഞത് 12 സൈനിക വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടിരുന്നു.
അതിനിടെ താലിബാൻ വിജയത്തോടെ രാജ്യം വിട്ടോടുന്ന അഫ്ഗാനികൾക്ക് ബ്രിട്ടനിൽ അഭയം നൽകാനുള്ള പുനരധിവാസ പദ്ധതിയെ ന്യായീകരിച്ച് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. വരും വർഷങ്ങളിൽ “അർഹരായ“ 20,000 അഫ്ഗാനികൾക്കാണ് പദ്ധതി പ്രകാരം ബ്രിട്ടൻ അഭയം നൽകുക.
എന്നാൽ പദ്ധതി തുടങ്ങി ഒരു വർഷത്തിനുള്ള 5,000 പേരെ സ്വീകരിക്കുമെന്ന് പറഞ്ഞ സർക്കാർ വേണ്ടത്ര വേഗത്തിൽ നീങ്ങുന്നില്ലെന്ന് ടോറികൾ തന്നെ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രീതി പട്ടേലിൻ്റെ പ്രതികരണം. പദ്ധതി മെല്ലെപ്പോക്കാണെങ്കിലും ഫലം ചെയ്യുന്നതാണെന്നും 20,000 അഫ്ഗാനികളെ ഒറ്റയടിക്ക് ബ്രിട്ടനിൽ പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും പ്രീതി പട്ടേൽ വ്യക്തമാക്കി.
താലിബാൻ്റെ കീഴിൽ ഭീതിയോടെ കഴിയുന്ന അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ മുൻഗണന ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല