
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നും ജീവൻ രക്ഷാർഥം പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജർക്ക് കാനഡയിൽ അഭയം നൽകുമെന്ന് കനേഡിയൻ സർക്കാർ വെളിപ്പെടുത്തി. ന്യൂയോർക്കിൽ ചേർന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിലാണ് കാനഡ ഈ ഉറപ്പു നൽകിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു കൂട്ടം രക്ഷാപ്രവർത്തകർ അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറും ഇത് സംബന്ധിച്ചു പ്രവർത്തന നിരതരാണെന്ന് കാനഡ ഇമിഗ്രേഷൻ മിനിസ്റ്റർമാർക്കൊ മെൻഡിസി നിയൊ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൽബർട്ടായിലുള്ള മാൻമീറ്റ് സിംഗ് ബുള്ളർ പൗണ്ടേഷനുമായി അഭയാർഥികളെ സംരക്ഷിക്കുന്നതിനെകുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി കുടുംബങ്ങളെ കാനഡയിൽ എത്തിച്ചതായി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
1990 ൽ താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തപ്പോൾ 200,000 ഹിന്ദു, സിഖ് കുടുംബാംഗങ്ങളെയാണ് കാനഡയിൽ എത്തിച്ചു അഭയം നൽകിയത്. കാനഡ പ്രതിരോധവകുപ്പ് മന്ത്രിയും സിഖ് വംശജനുമായ ഹർജിത് സാജൻ അഭയാർഥികളെ കൊണ്ടുവരുന്നതിനുള്ള സഹകരണവും നൽകുമെന്ന് പ്രഖ്യാപിച്ചു.
2014 ൽ മുപ്പത്തിയഞ്ചാം വയസ്സിൽ കാനഡയിൽ അപകടത്തിൽ മരിച്ച ആൽബർട്ടാ മന്ത്രി മൻമീറ്റ് സിംഗ് ബുള്ളറിന്റെ പേരിൽ സ്ഥാപിച്ച ഫൗണ്ടേഷൻ ഇന്ത്യൻ കനേഡിയൻ സമൂഹത്തിന്റെ പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല