1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2021

സ്വന്തം ലേഖകൻ: പഞ്ച്ശീറിലെ പ്രശ്നങ്ങൾ സമാധാനപൂർവ്വം പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് താലിബാൻ. കാബൂൾ വിമാനത്താവളത്തിലേക്ക് അഫ്ഗാനികൾക്ക് പ്രവേശനമില്ലെന്നും താലിബാൻ വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിലെ ആൾക്കൂട്ടവും സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കുന്നതിന് അഫ്ഗാനികൾ വിമാനത്താവളത്തിലേക്ക് ഇനിമുതൽ പ്രവേശിക്കരുത്. ഇനി മുതൽ വിദേശികൾക്ക് മാത്രമാണ് വിമാനത്താവളത്തിലേക്ക് പ്രവേശനമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

അഫ്ഗാനിലെ ജീവിതം സാധാരണഗതിയിലേക്ക് മടങ്ങിവരികയാണ്. കാബൂൾ വിമാനത്താവളത്തിലെ തിരക്ക് മാത്രമാണ് പ്രശ്നമായി അവശേഷിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതുവരെ അഫ്ഗാനിലെ സർക്കാർ ജീവനക്കാരായ സ്ത്രീകൾ വീട്ടിലിരിക്കണമെന്നും സബീഹുള്ള പറഞ്ഞു. ഓഗസ്റ്റ് 31 നുള്ളിൽ അമേരിക്കൻ സേന പൂർണ്ണമായും രാജ്യം വിടണം. പഞ്ച്ശീറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും താലിബാൻ വക്താവ് പറഞ്ഞു.

യുഎസുമായി അടുപ്പം പുലർത്തിയിരുന്ന ആളുകളുടെ വീടുകൾതോറും കയറിയിറങ്ങി പരിശോധന നടത്തുന്നില്ലെന്നും സബീഹുള്ള പറഞ്ഞു. യുഎസ്, നാറ്റോ സേനയുമായി അടുപ്പം പുലർത്തിയിരുന്നവരുടെ വീടുകളിൽ താലിബാൻ പരിശോധന നടത്തുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സബീഹുള്ളയുടെ അവകാശവാദം.

അതിനിടെ, അഫ്ഗാനിൽ നിന്നുള്ള യുക്രെയ്ൻ വിമാനം റാഞ്ചി ഇറാനിലേക്കു കടത്തിയതായി വാർത്ത പരന്നെങ്കിലും യുക്രെയ്നും ഇറാനും നിഷേധിച്ചു. യുക്രെയ്നിന്റെ ഡപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ചായിരുന്നു റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ, 31 യുക്രെയ്ൻ പൗരന്മാരടക്കം 83 പേർ കയറിയ വിമാനം അഫ്ഗാനിൽ നിന്ന് കീവിൽ എത്തിയതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കി.

അതേസമയം, താലിബാൻ നിയന്ത്രിത മേഖലയിൽ വധശിക്ഷ നടപ്പാക്കുന്നതായി യുഎൻ മനുഷ്യാവകാശ സംഘടനയുടെ മേധാവി മിഷേൽ ബചെലറ്റ് ജനീവയിൽ വെളിപ്പെടുത്തി. താലിബാൻ വീടു കയറി തിരച്ചിൽ തുടരുകയാണെന്നും വസ്തുവകകൾ പിടിച്ചെടുക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.