1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഏഴാം ക്ലാസ് മുതൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസം വിലക്കി. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവിൽ പരാമർശിച്ചിട്ടില്ല.

വനിതാകാര്യ മന്ത്രാലയം നിർത്തലാക്കി പകരം ‘മൂല്യപ്രചാരണത്തിനും തിന്മകൾ തടയുന്നതിനുമായി’ നന്മ–തിന്മ മന്ത്രാലയം ആരംഭിച്ചു. വനിതാകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിരുന്ന ലോകബാങ്ക് ജീവനക്കാരെ പുറത്താക്കി. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും ഗ്രാമീണ വികസനത്തിനുമായുള്ള 10 കോടി ഡോളറിന്റെ (740 കോടി രൂപ) ലോകബാങ്ക് പദ്ധതിയിൽ പ്രവർത്തിച്ചിരുന്നവരാണിവർ.

പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മതി എന്ന നിലപാട് താലിബാൻ വ്യക്തമാക്കിയിരുന്നു. നേരത്തെ 1996–2001ൽ താലിബാൻ ഭരണത്തിലായിരുന്നപ്പോൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ വിലക്കും സ്ത്രീകൾക്ക് പുറത്തുപോയി ജോലി ചെയ്യുന്നതിനു വിലക്കും ഉണ്ടായിരുന്നു.

ഇതേസമയം, ജലാലാബാദിൽ താലിബാൻ വാഹനങ്ങൾ ലക്ഷ്യമിട്ടു നടന്ന മൂന്നു സ്ഫോടനങ്ങളിൽ 3 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. കാബൂൾ വിമാനത്താവളത്തിൽ നിന്ന് പാക്കിസ്ഥാൻ എയർലൈൻസിന്റെയും ഇറാന്റെ മഹൻ എയറിന്റെയും ഓരോ വിമാനം ഇന്നലെ സർവീസ് നടത്തി. വെള്ളിയാഴ്ച ഖത്തർ എയർവേയ്സിന്റെ ചാർട്ടേഡ് വിമാനം യുഎസ് പൗരന്മാരുമായി ഖത്തറിലേക്കു പറന്നു.

അഫ്ഗാനിൽ അവശേഷിക്കുന്ന യുഎസ് പൗരന്മാരും യുഎസിൽ സ്ഥിരതാമസാനുമതി ഉള്ളവരും കടുത്ത ഭീതിയിലാണ്. ഏതു നിമിഷവും താലിബാൻകാർ പിടികൂടിയേക്കാം എന്ന സംശയത്തിൽ ഒളിച്ചുകഴിയുന്ന ഇവർ രാജ്യം വിടാനുള്ള അവസരം കാത്തിരിക്കുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.