
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയും പെട്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിക്കേണ്ടത്. നൂറിലേറെ മലയാളികൾ വിവിധ കമ്പനികളുടെ പ്രോജക്ടുകൾക്കായി അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അഫ്ഗാനിലെ ഇന്ത്യൻ എംബസിയിലുള്ളവരെയും മറ്റും രണ്ടു ഘട്ടമായി ഇന്ത്യയിലെത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്ന പല ഇന്ത്യക്കാരും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുമുള്ള സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.
0091–11–49016783, 0091–11–49016784, 0091–11–49016785 എന്നീ നമ്പറുകളിലും 0091–8010611290 എന്ന വാട്സാപ് നമ്പറിലും വിവരങ്ങൾ നൽകാം. ഇമെയിൽ:SituationRoom@mea.gov.in.
അഫ്ഗാൻ സ്വദേശികൾക്ക് ഇ–എമർജൻസി വീസ സൗകര്യവും ഉണ്ട്. ഇ–വീസ പോർട്ടൽ: https://indianvisaonline.gov.in/evisa/Registration
കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമല്ലാത്തത് യാത്രയ്ക്കു തടസ്സമാണ്. ഈ ബുദ്ധിമുട്ടു പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി വിദേശകാര്യ മന്ത്രിയടക്കമുള്ളവർ ചർച്ച നടത്തുന്നുണ്ട്. അതിനിടെ കാബൂളിൽ നിന്ന് 21 ഇന്ത്യക്കാരെ ഫ്രാൻസിലെത്തിച്ചു. അഫ്ഗാനിസ്ഥാനിലെ ഫ്രഞ്ച് എംബസിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന 21 പേരെയാണ് ഫ്രാൻസിലെത്തിച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമാനുവൽ ലിനയിനാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ താത്പര്യമുള്ള എല്ലാവരെയും നാട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല