
സ്വന്തം ലേഖകൻ: അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യം അതിവേഗത്തിലാക്കി യുഎസും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങൾ. ഞായറാഴ്ച മാത്രം കാബൂളിൽ നിന്ന് യുഎസ് ഒഴിപ്പിച്ചത് 10,400 പേരെ. സഖ്യരാജ്യങ്ങളുടെ 61 വിമാനങ്ങൾ 5900 പേരെ ഒഴിപ്പിച്ചു. ഈ മാസം 14നു ശേഷം അമേരിക്കൻ പൗരന്മാർ അടക്കം 37,000 പേരെ ഒഴിപ്പിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അഫ്ഗാനിലെ ഐക്യ രാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥർ അടക്കം 120 പേരെ കസഖ്സ്ഥാനിലേക്ക് ഒഴിപ്പിച്ചു. ഇവർ കസഖ്സ്ഥാനിലെ അൽമട്ടിയിൽനിന്നാവും ഇനി പ്രവർത്തിക്കുക.
പതിനായിരങ്ങൾ രാജ്യം വിടാൻ കാത്തുനിൽക്കവെ, 31ന് അകം ദൗത്യം പൂർണമാകില്ലെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 31നു ശേഷവും നാറ്റോ സഖ്യം അഫ്ഗാനിൽ തുടരണമെന്ന നിലപാടാണ് ബ്രിട്ടനും ഫ്രാൻസും സ്വീകരിച്ചിട്ടുള്ളത്. ഇന്നലെ ബ്രിട്ടൻ 1300 പേരെ ഒഴിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ 5700 പേരെയും. ജർമനി വിവിധ രാജ്യക്കാരായ 3,000 പേരെ ഒഴിപ്പിച്ചു. 1800 അഫ്ഗാൻകാരും 143 ജർമൻകാരും ഉൾപ്പെടുന്നു.
226 പേരെ ബൽജിയം ഒഴിപ്പിച്ചു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ചാണു ബൽജിയം ദൗത്യസംഘം പ്രവർത്തിക്കുന്നത്. കാബൂളിൽ നിന്ന് 4 സൈനികവിമാനങ്ങളിൽ ഇസ്ലാമാബാദിൽ എത്തിച്ചശേഷം അവിടെനിന്നു യാത്രാവിമാനങ്ങളിലാണ് ബൽജിയത്തിൽ എത്തിക്കുന്നത്. യുഎഇ വഴി 1,000 പേരെ ഫ്രാൻസ് പാരിസിലെത്തിക്കും. തിങ്കളാഴ്ച ജപ്പാന്റെ സൈനികവിമാനം കാബൂളിലെത്തി.
അഫ്ഗാൻ സൈനികരായ 600 പേർ വിമാനത്താവളത്തിനുള്ളിൽ യുഎസ് സേനയെ സഹായിക്കുന്നുണ്ട്. ഇവരിലൊരാളാണു ഇന്നലെ അക്രമിയുടെ വെടിയേറ്റു മരിച്ചത്. പരുക്കേറ്റ മറ്റു 3 അഫ്ഗാൻ സൈനികരെ വിമാനത്താവളത്തിനകത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച തിക്കിലും തിരക്കിലും മരിച്ച 7 പേർ അടക്കം ഈ മാസം 14 നുശേഷം 20 അഫ്ഗാൻകാരാണ് വിമാനത്താവളത്തിൽ കൊല്ലപ്പെട്ടത്.
അതിനിടെ, പ്രത്യേക വിസയ്ക്ക് അപേക്ഷിച്ച മുഴുവൻ അഫ്ഗാൻ പൗരന്മാരോടും വിമാനത്താവളത്തിൽനിന്നു വിട്ടുനിൽക്കാൻ യുഎസ് നിർദേശം നൽകി. അമേരിക്കൻ പൗരന്മാരുടെ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണിത്. നിലവിൽ യുഎസ്–നാറ്റോ പൗരന്മാര്ക്കു മാത്രമാണു വിമാനത്താവളത്തിൽ പ്രവേശനമെന്നാണു വിവരം.
കാബൂളിൽനിന്നുള്ള ഒഴിപ്പിക്കൽ ചരിത്രത്തിലെ ഏറ്റവും വലുതും പ്രയാസകരമവുമാണെന്നാണു ഞായറാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. സഖ്യസേന അഫ്ഗാനിൽ തുടരുന്നതു നീട്ടാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ബൈഡനോട് ആവശ്യപ്പെട്ടു. സമയം നീട്ടാൻ വിദേശസേന ആവശ്യപ്പെട്ടാലും അനുമതി നൽകില്ലെന്നു താലിബാൻ നേത്യത്വം പറഞ്ഞു.
ലയാളിയായ സിസ്റ്റർ തെരേസ ക്രാസ്റ്റയും ഏതാനും ഇന്ത്യക്കാരുമടക്കം 80 പേരെ നാറ്റോ, അമേരിക്കൻ വിമാനങ്ങൾ കാബൂളിൽനിന്ന് തജികിസ്താൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിട്ടുണ്ട്. സിസ്റ്റർ തെരേസയെയും ഒപ്പമുള്ള ഇന്ത്യക്കാരെയും വ്യോമസേന വൈകാതെ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കും. കാസർകോട് ബേള പെരിയടുക്ക സ്വദേശിയായ സിസ്റ്റർ തെരേസ 17ന് നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തിരുന്നു. അതിനിടെയാണ് 15ന് കാബൂൾ താലിബാൻ്റെ നിയന്ത്രണത്തിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല