1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2021

സ്വന്തം ലേഖകൻ: യുഎസ് സൈന്യം രാജ്യത്തു നിന്നു പിന്മാറുകയും അഫ്ഗാനിസ്ഥാൻ്റെ പൂര്‍ണമായി ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെ ഭരണരംഗത്തുള്ള ഭീകരസംഘടനയായ താലിബാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതൃത്വത്തിൽ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിനിടെയാണ് താലിബാനെ സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടുന്നത്.

വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനിടയിൽ അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൗകര്യമേഖല പലയിടത്തും പിന്നിലാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി വലിയ മുതൽമുടക്ക് നടത്തിയിട്ടുണ്ടെങ്കിലും ജീവിതനിലവാരത്തിൽ അഫ്ഗാൻ ജനത ഏറെ പിന്നിലാണ്. കടുത്ത വരള്‍ച്ച മൂലം ആയിരക്കണക്കിനു പേര്‍ ഗ്രാമങ്ങളിൽ നിന്നു നഗരങ്ങളിലേയ്ക്കു പലായനം ചെയ്യുകയാണെന്നും പലയിടത്തും പട്ടിണി രൂക്ഷമാണെന്നുമാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനിൽ 1.4 കോടിയോളം ജനങ്ങള്‍ പട്ടിണിയുടെ വക്കിലാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിൻ്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ടിൽ പറയുന്നത്. യുഎസ് സൈന്യം പിന്മാറിയതോടെ പുതിയ താലിബാൻ സര്‍ക്കാര്‍ പൗരാവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കുമോ എന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ ആശങ്കപ്പെട്ടത്.

എന്നാൽ അഫ്ഗാൻ ജനതയുടെ ഏറ്റവും വലിയ ആശങ്ക അന്നന്നത്തെ ഭക്ഷണമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അഫ്ഗാൻ സമ്പദ്‍‍വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്നും രാജ്യത്തെ സാമ്പത്തിക രംഗം തകരാതിരിക്കാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ സര്‍ക്കാരിനു സഹായം വേണ്ടിവരുമെന്നും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാബൂളിലെ പല കുടുംബങ്ങളും മുഴുപ്പട്ടിണിയിലാണെന്നാണ് വാര്‍ത്താ ഏജൻസി പറയുന്നത്. “അഫ്ഗാനിസ്ഥാനിലെ എല്ലാ കുട്ടികളും പട്ടിണിയിലാണ്. അവരുടെ കൈയ്യിൽ ഒരു പാക്കറ്റ് മൈദയോ എണ്ണയോ പോലും ബാക്കിയില്ല.” കാബൂള്‍ സ്വദേശിയായ അബ്ദുള്ള റോയിട്ടേഴ്സിനോടു പറഞ്ഞു.

അതിനിടെ അഫ്ഗാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറും മന്ത്രിസഭാംഗങ്ങളും തമ്മിൽ വാക്കേറ്റം. തലസ്ഥാനത്താണ് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായതെന്ന് താലിബാൻ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. സർക്കാർ രൂപവത്കരിച്ചതിന് ശേഷവും താലിബാനിലെ ആഭ്യന്തരകലഹം അവസാനിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബരാദർ പൊതുയിടത്തിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ഈ സമയത്ത് ഉണ്ടായിരുന്ന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ വീണ്ടും താലിബാനകത്ത് ആഭ്യന്തരകലഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. നിലവിലെ തിരഞ്ഞെടുക്കപ്പെട്ട താലിബാൻ സർക്കാരിലെ ചിലരിൽ ഉപ പ്രധാനമന്ത്രി മുല്ല ബരാദർ അത്ര തൃപ്തനല്ല എന്നാണ് പുറത്തുവരുന്ന വിവരം.

എന്നാൽ ഈ താലിബാൻ ഔദ്യോഗികമായിത്തന്നെ നിഷേധിച്ചിട്ടുണ്ട്. നേതൃസ്ഥാനത്തെ ചൊല്ലി ബരാദറും താലിബാനകത്തെ തീവ്ര സംഘടനാ നേതാവ് ഹഖാനിയും തമ്മിൽ നേരത്തെ വാക്കേറ്റം ഉണ്ടായതായും തുടർന്ന് നടന്ന ആക്രമണത്തിൽ ബരാദറിന് പരിക്കേറ്റതയും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൻ ജീവനോടെ ഉണ്ട് എന്നും തനിക്ക് വെടിയേറ്റിട്ടില്ല എന്നും വ്യക്തമാക്കിക്കൊണ്ട് ബരാദർ തന്നെ രംഗത്തെത്തിയിരുന്നു. ശബ്ദ സന്ദേശത്തിലൂടെയായിരുന്നു ബരാദർ ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.