
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരൻമാർക്ക് ഇലക്ട്രോണിക് വിസ (ഇ വിസ) നിർബന്ധമാക്കി. അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണു നടപടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മുൻപ് വിസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ വിസ അസാധുവാകും.
ndianvisaonline.gov.in എന്ന വെബ്സൈറ്റ് വഴി ഇ വിസയ്ക്ക് അപേക്ഷിക്കാം. സംഘർഷത്തിനിടെ അഫ്ഗാൻ പൗരൻമാരിൽ പലരുടെയും പാസ്പോർട്ടുകൾ നഷ്ടമായതായും താലിബാൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അവ മറ്റുള്ളവർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻപ് നൽകിയ വിസകളെല്ലാം അസാധുവാക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യൻ വിസ പതിപ്പിച്ച ഒട്ടേറെ അഫ്ഗാൻ പാസ്പോർട്ടുകൾ കാബൂളിലെ ട്രാവൽ ഏജൻസിയിൽ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയി. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പക്കൽ അവ എത്താനുള്ള സാധ്യത സംശയിക്കുന്നു.
രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ എണ്ണൂറോളം പേരെ അഫ്ഗാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഇന്ത്യക്കാരും അഫ്ഗാൻ ഉൾപ്പെടെ മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ളവയും കാബൂളിൽ നിന്നുള്ള വ്യോമസേനാ വിമാനത്തിൽ ഇന്ന് എത്തുമെന്നാണു റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല