1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മോശമായതോടെ ലോകമനഃസാക്ഷിയെ നോവിച്ച് കൂട്ടപ്പലായനത്തിനും തുടക്കമായി. അഫ്ഗാനിസ്ഥാനില്‍ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരെ ലോകം ഭാഗ്യവാന്‍മാരായാണ് കാണുന്നത്. വ്യോമ മാര്‍ഗത്തിലൂടെ മറ്റ് പല വിദേശ രാജ്യങ്ങളിലേക്കും പലായനം ചെയ്യുന്നവര്‍ നിരവധിയാണ്. വ്യോമമാര്‍ഗമല്ലാതെയും താലിബാന്‍ ഭരിക്കുന്ന അഫ്ഗാനില്‍ നില്‍ക്കാന്‍ പേടിച്ച് പലയാനം ചെയ്യുന്ന സാധാരണക്കാരും കുറവല്ല.

പലായനം ചെയ്യുന്ന മിക്ക ആളുകളുടേയും ആഗ്രഹം എത്രയും പെട്ടെന്ന് രാജ്യം വിടുക എന്നത് മാത്രമാണ്. എന്നാല്‍ അത്തരത്തില്‍ പലായനം ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പല രാഷ്ട്രങ്ങളും മുന്നോട്ടു വന്നിട്ടുമുണ്ട്. പല രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ തുറക്കാതിരിക്കുയോ അവിടങ്ങളില്‍ സുരക്ഷ കൂടുതല്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കാബൂള്‍ വിമാനത്താവളത്തിലെ അരാജകത്വത്തെ അതിജീവിക്കുകയും, വിമാനത്തില്‍ കയറി കൂടുകയും ചെയ്തത്. അതില്‍ തന്നെ മതിയായ രേഖകളോടു കൂടിയുള്ളവരും കുറവായിരുന്നു. ഇവരെല്ലാം ലോകത്തിന്റെ പല പല കോണുകളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവരെ വളരെയധികം ഊഷ്മളമായാണ് വരവേറ്റത്.

ദക്ഷിണ കൊറിയയില്‍ ചെന്നിറങ്ങിയ കുട്ടികളെ ഇഞ്ചിയോണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വെള്ളയും പിങ്കും നിറത്തിലുള്ള ടെഡി ബിയറുകളെ നല്‍കിയാണ് വരവേറ്റത്. പലരും സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. അഭയാര്‍ത്ഥികളായിട്ടല്ല അവരവിടെ എത്തിയിരിക്കുന്നത്. മറിച്ച് പ്രത്യേക യോഗ്യതയുള്ള വ്യക്തികളായിട്ടാണെന്ന് അധികൃതര്‍ പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 390 പേര്‍ക്ക് 90 ദിവസത്തേക്ക് ഹ്രസ്വകാല വിസയും അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഇവരെ ദീര്‍ഘകാല വിസകളാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികൾ അവര്‍ക്ക് ലഭിച്ച പുതിയ കളിപ്പാട്ടങ്ങളെ മുറുകെ പിടിച്ച് ബസുകളില്‍ കയറുകയും അവരുടെ പ്രിയപ്പെട്ടവരോടു കൂടി നടന്ന് ഫോട്ടോയെടുക്കുകയും ചെയ്യുന്നു.

ചില ഫോട്ടോകളിലാകട്ടെ കുട്ടികള്‍ ബസിന്റെ ജനല്‍ വഴി പുറത്തേക്ക് കണ്ണുംനട്ടിരിക്കുന്നതായി കാണാം. പലരും മുഖത്ത് ചെറുപുഞ്ചിരി വിടര്‍ത്തി. “നിങ്ങളെല്ലാവരേയും ഞങ്ങള്‍ സ്‌നേഹിക്കുന്നു,“ നാഷണല്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു പള്ളി സംഘടനയുടെ ബാനറില്‍ എഴുതിയ വാചകമാണിത്. അവിടെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്‌തെത്തിയവരെ താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാജ്യത്ത് വന്നിറങ്ങിയവരില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാരില്‍ ജോലി ചെയ്ത മെഡിക്കല്‍ പ്രൊഫഷണലുകളും വ്യാഖ്യാതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 100 കുട്ടികളും അവരോടൊപ്പം പുതിയ ജീവിതത്തിലേക്ക് പിച്ചവെച്ചു. ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ മുഖംമൂടി ധരിച്ച് വിമാനത്താവളത്തിന് പുറത്ത് നില്‍ക്കുന്നതും, ബസുകളിലിരുന്ന് കൈകാണിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം ചില പ്രാദേശിക വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.

കോവിഡ്-19 മഹാമാരി കാരണം ദക്ഷിണ കൊറിയയില്‍ എത്തുന്നവരെ നിരീക്ഷിക്കാനായി രണ്ടാഴ്ചത്തേക്ക് ക്വാറന്റീനില്‍ തുടരാന്‍ ആവശ്യപ്പെടും. അഫ്ഗാനിസ്ഥാനിലെ രക്ഷാപ്രവര്‍ത്തനത്തെ ‘ഓപറേഷന്‍ മിറാക്കിള്‍’ എന്ന പേരിട്ടാണ് കൊറിയ ഹെറാള്‍ഡ് വിശേഷിപ്പിച്ചത്. തിങ്കളാഴ്ചയാണ് മൂന്ന് സൈനിക വിമാനങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്കും പാകിസ്താനിലേക്കും പ്രവേശിച്ചത്.

മറ്റ് സ്ഥലങ്ങളില്‍, അതായത് യുണൈറ്റഡ് കിംഗ്ഡവും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിരവധി സംസ്ഥാനങ്ങളും അവരുടെ സര്‍ക്കാരിന്റെ പുതിയ സ്ഥലം മാറ്റത്തില്‍ സഹായം ചെയ്തു. വന്‍തോതില്‍ വസ്ത്രങ്ങള്‍, ഭക്ഷമം, ഫര്‍ണിച്ചറുകള്‍, ടോയ്‌ലെറ്ററികള്‍ എന്നിവ അവര്‍ സംഭാവന ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്ന കാഴ്ചയും കാണാനിടയായി.

കുടിയേറ്റ നയത്തെച്ചൊല്ലി വിഭജിക്കപ്പെട്ട ഒരു സംസ്ഥാനമാണ് ടെക്‌സസ്. അവിടെ ഇരുന്നൂറിലധികം പേരാണ് സഹായത്തിനായി സന്നദ്ധ പ്രവര്‍ത്തകരാകാന്‍ വേണ്ടി മുമ്പോട്ട് വന്നത്. മറ്റുള്ളവരാകട്ടെ അവരുടെ ഒഴിഞ്ഞ മുറികളും സ്വത്തുക്കളുമെല്ലാം അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന മഹത്തായ കാഴ്ചയും മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് വിളിച്ചോതി.

‘ജീവന്‍-മരണ പോരാട്ടത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ആളുകളെ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ പറ്റുന്നുണ്ട്. അവര്‍ തങ്ങളുടെ വാതില്‍ അവര്‍ക്കായി തുറന്നു കൊടുക്കാന്‍ സന്നദ്ധരായി’, — ടെക്‌സസിലെ റെഫ്യൂജി സര്‍വീസസിന്റെ പ്രോഗ്രാം സൂപ്പര്‍വൈസര്‍ ആയ ജാക്വിലിന്‍ ബുസാസ് പറയുന്നു.

ഓഗസ്റ്റ് 14 മുതല്‍ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ഇതുവരെയായി 104,000 അധികം ജനങ്ങളെയാണ് അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചുവെന്ന് പെന്റഗണ്‍ പറയുന്നു. ഓഗസ്റ്റ് 31ന് മുമ്പായി കഴിയുന്നത്ര ജനങ്ങളെ ഒഴിപ്പിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. എന്നാല്‍ എത്ര അഭയാര്‍ത്ഥികളെ അമേരിക്ക സ്വീകരിക്കാന്‍ തയ്യാറാകുമെന്ന് ഇതുവരെയായും സ്ഥിരീകരിച്ചിട്ടേയില്ല.

വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം 20,000 അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കുമെന്നാണ് ബ്രിട്ടൻ സ്ഥിരീകരിച്ചിരിക്കുന്നത്. വേല്‍സിലാകട്ടെ, ടെന്‍ബി കടല്‍ത്തീരത്ത് കാണാനായത് അതിമനോഹരമായ കാഴ്ചയാണ്. അഫ്ഗാനിസ്ഥാന്‍ എന്ന വാക്കിനൊപ്പം ‘അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം’, എന്നു കൂടി മണലില്‍ എഴുതിയ സന്ദേശം അവര്‍ ലോകത്തെ കാണിച്ചു.

ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ആ മണല്‍ സന്ദേശം വര്‍ണ വിവേചനത്തിനെതിരായി പോരാടുന്ന സംഘടനയായ സ്റ്റാന്‍ഡ്് അപ് ടു റേസിസം വെസ്റ്റ് വേല്‍സാണ് സംഘടിപ്പിച്ചത്. പ്രാദേശിക കലാകാരന്മാരെ കണ്ടെത്തി അങ്ങനെയൊരു ഉദ്യമത്തിന് നേതൃത്വം കൊടുക്കുകയായിരുന്നു അവര്‍. ‘കഴിയാവുന്നത്ര അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ നഗരം തയ്യാറാണ്,’– ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

സഹായം നല്‍കാന്‍ ആഗ്രഹിക്കുന്ന ഉദാരമനസ്‌കരില്‍ നിന്ന് നൂറു കണക്കിന് ബാഗുകള്‍ സംഭാവന ചെയ്തതായി ചാരിറ്റികള്‍ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. ബ്രിട്ടനിലെ ഒരു വിഭാഗം കഴിഞ്ഞ വാരാന്ത്യത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ നഗരവീഥികളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. “യുഎസ് നാറ്റോ പരാജയപ്പെട്ടു, “അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു“ എന്നീ മുദ്രാവാക്യങ്ങളുമായായിരുന്നു പ്രകടനം.

താലിബാൻ ഭരണം പിടിച്ചതുമുതൽ ഇതുവരെ 20000-ത്തിലേറെപ്പേർ അഫ്ഗാനിസ്താനിൽനിന്ന് പാകിസ്താനിൽ അഭയംതേടിയെന്ന് റിപ്പോർട്ട്. അഫ്ഗാൻ പൗരന്മാരും വിദേശികളും ഉൾപ്പെടെയാണിത്. ഓഗസ്റ്റ് 16 മുതൽ 332 വിമാനസർവീസുകളാണ് അഫ്ഗാനിൽനിന്ന് പാകിസ്താനിലേക്ക് നടത്തിയത്. കരമാർഗവും ആളുകളെത്തുന്നുണ്ട്.

അഫ്ഗാൻകാരെ സ്വീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയാറാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആശങ്കകളും ഇല്ലാതെയില്ല. യൂറോപ്പിൽ പല ഘട്ടങ്ങളിലും അഭയാർഥികളുടെ ആശ്രയകേന്ദ്രമായിരുന്നിട്ടുള്ള ജർമനിയിൽ പക്ഷേ, ജനങ്ങൾക്ക് പുതിയ സാഹചര്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി ക്ഷേമ ഏജൻസി അഫ്ഗാനുമായി ബന്ധപ്പെട്ടു വിപുലമായ പദ്ധതികൾ രൂപീകരിക്കുന്നുണ്ട്.

യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങൾ അഭയാർഥികളെ മടക്കിയയയ്ക്കരുതെന്ന് യൂറോപ്യൻ പാർലമെന്റ് അധ്യക്ഷൻ ഡേവിഡ് സസോളി അഭ്യർഥിച്ചിരുന്നു. ഇയു രാജ്യങ്ങൾ അഭയാർഥികളെ വീതം വയ്ക്കണമെന്ന നിർദേശവും മുന്നോട്ടു വച്ചു. എന്നാൽ അഭയാർഥികൾ എത്തുമെന്നു ഭയന്ന് തുർക്കി അതിർത്തി അടയ്ക്കുകയാണ് ചെയ്തത്. അയൽരാജ്യമായ ഉസ്ബക്കിസ്ഥാനും അഭയാർഥികളെ സ്വീകരിക്കുന്നതിൽ വിമുഖതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.