1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2021

സ്വന്തം ലേഖകൻ: കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് അമേരിക്ക നടത്തുന്ന രക്ഷാദൗത്യം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കാബൂൾ വിമാനത്താവളത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഒരുക്കത്തിൽ താലിബാൻ. വിമാനത്താവളത്തിൻ്റെ ഗേറ്റുകളിൽ താലിബാൻ സാന്നിധ്യം വർധിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകൾ വിമാനത്താവള പരിസരത്ത് നിന്നും ഒഴിഞ്ഞ് നിൽക്കുന്നതും താലിബാന് നേട്ടമായി.

സ്ഫോടനത്തിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ രക്ഷാദൗത്യത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് താലിബാന് സാന്നിധ്യം വർധിപ്പിക്കാൻ സഹായമായി. ഇതോടെ വിമാനത്താവളത്തിലേക്ക് എത്താനുള്ള റോഡുകളിൽ ചെക്ക് പോസ്റ്റുകൾ തയ്യാറാക്കി നിയന്ത്രണം ശക്തമാക്കി. അഫ്ഗാനിസ്ഥാൻ സൈന്യത്തിൽ നിന്നും പിടിച്ചെടുത്ത വാഹനങ്ങൾ ഉപയോഗിച്ചാണ് ചെക്ക് പോസ്റ്റുകളിൽ താലിബാൻ സജീവമായത്.

സ്ഫോടനത്തിന് പിന്നാലെ വിമാനത്താവളത്തിന് സമീപത്തും ഹോട്ടലുകളിലും ആളുകളുടെ എണ്ണം കുറഞ്ഞ തോതിലാണ്. യു എസ് കണക്കുകൾ പ്രകാരം ഏകദേശം ഒരു ലക്ഷത്തിലധികമാളുകളെ കാബൂൾ വിമാനത്താവളം വഴി സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേക്ക് എത്തിച്ചു. പതിനായിരക്കണക്കിനാളുകൾ രാജ്യം വിടാൻ ഇനിയും തയ്യാറാണ്. അഫാഗാൻ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് താലിബാൻ വ്യക്തമാക്കുന്നുണ്ട്.

വ്യാഴാഴ്ച നടത്തിയ ചാവേർ ആക്രമണത്തിൽ 169 അഫ്ഗാൻ പൗരന്മാരും പതിമൂന്ന് യുഎസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേറാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി അമേരിക്ക രംഗത്തു വന്നിരുന്നു. ഡ്രോൺ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പെന്റഗൺ രംഗത്തുവന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇത്തരത്തിൽ പ്രസ്താവന പുറത്തിറക്കിയത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അമേരിക്ക അഫ്ഗാനിലെ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായും അറിയിച്ചു. കിഴക്കൻ അഫ്ഗാനിലെ നൻഗര്‍ഹാര്‍ പ്രവശ്യയിലാണ് ആക്രമണം നടത്തിയത്. നൂറിലധികം പേർ കൊല്ലപ്പെട്ട കാബൂൾ വിമാനത്താവളത്തിലെ സ്ഫോടനത്തിൽ സ്വന്തം സൈനികരെയും അമേരിക്കയ്ക്ക് നഷ്ടമായിരുന്നു. ആക്രമിച്ചവർക്ക് മാപ്പ് നൽകില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കിയെങ്കിലും തിരിച്ചടിയുടെ ആഘാതം അമേരിക്കയ്ക്ക് മറച്ചുവയ്ക്കാനാകില്ല.

താലിബാൻ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ കഴിഞ്ഞ 12 ദിവസമായി കാബൂള്‍ വിമാനത്താവളം വഴി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവിൽ വിമാനത്താവളം യുഎസ് സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണെങ്കിലും പരിസരത്ത് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് യുഎസും നാറ്റോ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസ് ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഖോറസാൻ സ്ഥലത്തു ചാവേറാക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. നഗരത്തിൻ്റെ പല ഭാഗത്തും താലിബാൻ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റ്റുകള്‍ കടന്നെത്തുന്നവരോടു വിമാനത്താവളത്തിനു പുറത്തു തടിച്ചു കൂടുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ഇതിനിടയിലാണ് ബാരൺ ഹോട്ടലിനു മുൻവശത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ഏകോപ്പിക്കുന്ന കേന്ദ്രത്തോടു ചേര്‍ന്നുള്ള സ്ഫോടനം. ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്ന് ബൈഡൻ പറഞ്ഞെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെയിൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കയ്ക്ക് ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണ് കാബൂൾ വിമാനത്തിൽ സംഭവിച്ചത്.

അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന രക്ഷാദൗത്യത്തിനെതിരെ ഐഎസിൻ്റെ (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി മണിക്കൂറുകൾക്കകമാണ് ഇരട്ട സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് – കെ (ഐഎസ് ഐഎസ് ഖൊരാസന്‍) രംഗത്തുവന്നിരുന്നു.

അതിനിടെ കാബൂളിലുള്ള ഈഗിള്‍ ബേസ് അമേരിക്കന്‍ സൈന്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) യുടെ കാബൂളിലെ ബേസാണിത്. ഓഗസ്റ്റ് 31-ന് അമേരിക്ക സമ്പൂര്‍ണ സൈനിക പിന്മാറ്റം നടത്തുന്നതിന് മുന്നോടിയായിട്ടാണിത്. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്.

അഫ്ഗാന്‍ തീവ്രവാദ വിരുദ്ധ സേനയ്ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പരിശീലനം നല്‍കിവന്നത് ഈഗിള്‍ ബേസിലാണ്. തന്ത്രപ്രധാനമായ രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ താലിബാന്റെ കൈവശം എത്താതിരിക്കാനാണ് ഈഗിള്‍ ബേസ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തതെന്ന് വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം നടന്നതിന് തൊട്ട് പിന്നാലെയാണ് സി.ഐ.എ ഔട്ട്‌പോസ്റ്റ് അമേരിക്കന്‍ സൈന്യം നശിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ 169 അഫ്ഗാന്‍ പൗരന്മാരും 13 അമേരിക്കക്കാരും കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.