1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2021

സ്വന്തം ലേഖകൻ: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. കാബിനറ്റ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേരും. കാബൂളിൽ നിന്നുള്ള രണ്ടാമത്തെ വിമാനം വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തും. കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി.

അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരെ എത്തിക്കുന്ന കാര്യങ്ങളും ചർച്ചചെയ്യും. എല്ലാ മന്ത്രിമാരും കാബൂൾ വിട്ട് പോയതായി അഫ്ഗാൻ പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകൻ റിസ്വാനുള്ള അഹമ്മദ് സായി പറഞ്ഞു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് അഭയാര്‍ഥികളാണ് അഫ്ഗാൻ തെരുവുകളിലുള്ളത്. കാബൂള്‍ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിൽ താലിബാൻ കൊടി നാട്ടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ രാജ്യം വിട്ടതു സംബന്ധിച്ച് പ്രതികരണവുമായി പ്രസിഡൻ്റ് അഷ്റഫ് ഗനി രംഗത്തെത്തി.

താലിബാൻ കാബൂള്‍ പിടിച്ചെടുത്ത സാഹചര്യത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്നാണ് അഷ്റഫ് ഗനി അറിയിച്ചത്. രണ്ട് പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലാകുമ്പോള്‍ രാജ്യം വിട്ട അഷ്റഫ് ഗനി ഇതിനു ശേഷം ആദ്യമായാണ് പ്രതികരിക്കുന്നത്. താലിബാൻ സായുധ സംഘത്തെ നേരിടുക അല്ലെങ്കിൽ 20 വര്‍ഷത്തോളം പരിപാലിച്ച രാജ്യം ഉപേക്ഷിക്കുക എന്ന കടുപ്പമേറിയ ചോദ്യമാണ് തൻ്റെ മുന്നിൽ ഉണ്ടായിരുന്നതെന്ന് അഷ്റഫ് ഗനി പറഞ്ഞു.

എന്നാൽ രാജ്യം പ്രതിസന്ധിഘട്ടത്തിലായിരിക്കേ രാജ്യം വിട്ട പ്രസിഡൻ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമര്‍ശനമാണ് ഉയരുന്നത്.താജിക്കിസ്താന്‍ അനുമതി നിഷേധിച്ചതോടെ ഒമാനില്‍ ഇറങ്ങിയ ഗനി അമേരിക്കയിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രാജ്യം വിട്ടിട്ടില്ല. തന്റെ പെണ്‍കുട്ടികളോടൊപ്പം കാബൂളിലുണ്ടെന്ന് കര്‍സായി പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീഡിയോ സന്ദേശത്തില്‍ ഹമീദ് കര്‍സായി താലിബാനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജനങ്ങളോട് സംയമനം പാലിച്ച് വീടുകളില്‍ തന്നെ കഴിയണമെന്ന് അഭ്യര്‍ത്ഥിച്ച കര്‍സായി രാഷ്ട്രീയ നേതൃത്വത്തോട് പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

അതിനിടെ അഫ്ഗാനിൽ സൈനിക നീക്കത്തിലൂടെ അധികാരം പിടിച്ചെടുത്ത താലിബാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ചൈന ഒരുങ്ങുന്നതായി സൂചന. ഉഭയകക്ഷി ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾ പാലിക്കാൻ താലിബാൻ സന്നദ്ധമാവുകയാണെങ്കിൽ അഫ്ഗാന്റെ പുനർനിർമാണത്തിൽ ചൈന നിർണായക പങ്ക് വഹിക്കുമെന്നും, അഫ്ഗാൻ വിട്ടുപോയ അമേരിക്കൻ സൈന്യത്തിനു പകരം അവിടേക്ക് സൈന്യത്തെ അയക്കില്ലെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് പറയുന്നു. പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധമുള്ള ചീഫ് റിപ്പോർട്ടർ യാങ് ഷെങ് പേരു വെച്ചെഴുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.