
സ്വന്തം ലേഖകൻ: താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽ പരിഭ്രാന്തരായ ജനങ്ങളുടെ കൂട്ട പലായനം. കാബൂൾ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്കു തൂങ്ങിക്കയറിയ 7 പേർ വീണു മരിച്ചു. യുഎസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടി. ആളുകൾ റൺവേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിന്റെയും അമ്പരപ്പിക്കുന്ന കാഴ്ചകൾ ലോകത്തെ നടുക്കി.
രാജ്യത്തെ വ്യോമമേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതിനു പിന്നാലെ, എല്ലാ യാത്രാവിമാന സർവീസുകളും നിർത്തിവച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സേന ഇന്നലെ രാവിലെ തന്നെ ഏറ്റെടുത്തിരുന്നു. അതിനിടെ അഫ്ഗാനികളും ഇതരരാജ്യക്കാരും സുരക്ഷിതത്വം തേടി നെട്ടോട്ടമോടുമ്പോള്‍ താലിബാന്‍ വിജയം ആഘോഴിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തു വന്നു.
ജനങ്ങളുടെ പലായനത്തിനിടെ തലസ്ഥാനനഗരമായ കാബൂളില്‍ അഫ്ഗാന്‍ പോരാളികള്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകള്‍ എന്‍ജോയ് ചെയ്യുന്നതിന്റെ വീഡിയോ ഹമീദ് ഷാലിസി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പങ്കു വെച്ചിരിക്കുന്നത്. പാര്‍ക്കിലെ കാറുകളില്‍ കുട്ടികളെ പോലെ സന്തോഷിക്കുകയാണവര്‍. റൈഡില്‍ മുഴുകുന്നവരില്‍ ചിലരുടെ പക്കല്‍ തോക്കുകളുമുണ്ട്. ഹമീദ് ഷാലിസി പങ്കു വെച്ച മറ്റൊരു വീഡിയോയില്‍ പാര്‍ക്കിലെ കളിക്കുതിരകളില്‍ ഇടം പിടിച്ച് ആഹ്ലാദിക്കുന്നവരുമുണ്ട്.
നൂറുകണക്കിനാളുകൾ തിങ്ങിനിറഞ്ഞ യുഎസ് സൈനിക വിമാനത്തിന്‍റെ ചിത്രം അഫ്ഗാനിസ്താനിലെ ദാരുണാവസ്ഥയുടെ നേര്‍ച്ചിത്രമായി. കാബൂളിൽ നിന്നുള്ള യുഎസ് സൈന്യത്തിന്‍റെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനത്തിലാണ് അഫ്ഗാനിസ്താനിൽ നിന്ന് പുറത്തുകടക്കാനുള്ളവർ തിങ്ങിനിറഞ്ഞത്. പ്രതിരോധ വെബ്സൈറ്റായ ഡിഫൻസ് വൺ ആണ് ചിത്രം പുറത്തുവിട്ടത്.
കൂടുതൽ പേരെ ഉൾക്കൊള്ളാൻ പ്രാപ്തമായ വിമാനമാണെങ്കിലും സി-17 ഇത്രയധികം ആളുകളെ വഹിക്കുന്നത് ആദ്യമായാണെന്ന് ഡിഫൻസ് വൺ റിപ്പോർട്ട് ചെയ്യുന്നു. കാബൂൾ വിമാനത്താവളത്തിലെ അനിശ്ചിതാവസ്ഥക്കും തിരക്കിനും ഇടയിലാണ് നൂറുകണക്കിനാളുകൾ വിമാനത്തിൽ സ്ഥലംപിടിച്ചത്. 640 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഇവരെ ഖത്തർ തലസ്ഥാനമായ ദോഹയിലേക്കാണ് കൊണ്ടുപോയത്.
ചെറുത്തുനിൽപില്ലാതെ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ച താലിബാൻ, യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പേര് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നു മാറ്റുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിൽ ഭരണകൂടമില്ലാത്ത സ്ഥിതിയാണ്. സർക്കാർ രൂപീകരണ പ്രഖ്യാപനം ഉടനുണ്ടാകുമെന്നു താലിബാൻ വക്താവ് അറിയിച്ചെങ്കിലും എപ്പോഴത്തേക്കെന്നു വ്യക്തമല്ല.
സർക്കാർ ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച താലിബാൻ സാധാരണ പോലെ ജോലിക്ക് ഹാജരാകാൻ ഉത്തരവിട്ടു. അഫ്ഗാനിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ല എന്ന് വ്യക്തമാക്കികൊണ്ടാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരോട് സാധാരണ പോലെ ഓഫീസിലെത്തണമെന്ന് താലിബാന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
1000 സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയയ്ക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി അനുമതി നൽകി. യുഎസ് പൗരന്മാരെയും യുഎസിനുവേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കാനാണിത്. ഇതോടെ അഫ്ഗാനിലെ യുഎസ് സൈനികരുടെ എണ്ണം 6000 ആകും.
വിദേശ പൗരന്മാർക്കും രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്കും സുരക്ഷിത യാത്രയ്ക്കു സൗകര്യമൊരുക്കണമെന്ന് 60 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദേശികൾ അടക്കമുള്ളവരുടെ ഒഴിപ്പിക്കൽ സുഗമമാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നു ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. സമാധാനചർച്ചകളിൽ പ്രധാന മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്.
പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. യുകെ പാർലമെന്റും നാളെ യോഗം ചേരും. താലിബാൻ സർക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നു ചൈന വ്യക്തമാക്കി. സാമ്രാജ്യത്വച്ചങ്ങല അഫ്ഗാനിസ്ഥാൻ പൊട്ടിച്ചെറിഞ്ഞതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല