1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാർ പ്രഖ്യാപിച്ച് താലിബാൻ. മുല്ല മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും. മുല്ല അബ്ദുൾ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. സർക്കാരിനെ ആരു നയിക്കുമെന്നുള്ള അധികാര തർക്കത്തിനിടെയാണ് അഖുൻദിനെ ഒത്തുതീർപ്പ് നേതാവായി തെരഞ്ഞെടുത്തത്.

മുൻ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു അഖുൻദ്. യുഎന്നിന്റെ ഭീകരവാദികളുടെ പട്ടികയിൽ അഖുൻദിന്റെ പേരുണ്ട്. താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻദസാദാണ് ഹസൻ അഖുൻദിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ സൈന്യത്തെ കീഴടക്കി മൂന്ന് ആഴ്ച പിന്നിടുമ്പോഴാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

“നമ്മുടെ രാജ്യത്തെ ജനങ്ങൾ സർക്കാരിനു വേണ്ടി കാത്തിരിക്കുകയാണെന്ന് നമുക്കറിയാം. ജനങ്ങളുടെ ആവശ്യത്തിനാണ് ഇപ്പോൾ ഉത്തരം നൽകിയിരിക്കുന്നത്,” സബീഹുല്ല മുജാഹിദ് പറഞ്ഞു.

ഭീകര സംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ തലവൻ സരാജുദ്ദീൻ ഹഖാനിയാണ് ആക്ടിങ് ആഭ്യന്തര മന്ത്രി. താലിബാനുമായി അടുത്ത ബന്ധമുള്ള ഹഖാനി ഗ്രൂപ്പാണ് രണ്ട് പതിറ്റാണ്ടുകൾ നീണ്ട ആക്രമണങ്ങൾക്കു പിന്നിൽ.അമീർ മുതാഖിയാണ് വിദേശകാര്യ മന്ത്രി. ഷേർ അബ്ബാസിനാണ് വിദേശകാര്യ സഹമന്ത്രി ചുമതല. അബ്ദുൾ ഹക്കീമിനാണ് നിയമ വകുപ്പ്. മുല്ല യാക്കൂബിനാണ് പ്രതിരോധ വകുപ്പിന്റെ ചുമതല.

അതേസമയം, അഫ്ഗാൻ രാഷ്ട്രീയത്തിൽ പാക്കിസ്ഥാൻ ഇടപെടുന്നതിനെതിരെ കാബൂളിൽ ആയിരങ്ങൾ പ്രതിഷേധിച്ചു. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയ ജനക്കൂട്ടമാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. ജനക്കൂട്ടത്തെ പിരിച്ചു വിടാനായി താലിബാൻ ഭീകരര്‍ ആകാശത്തേയ്ക്ക് വെടിവെക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

താലിബാൻ അഫ്ഗാന്റി നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം കാബൂൾ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. പാകിസ്ഥാൻ തുലയട്ടെ എന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ട് നിരത്തിലൂടെ നീങ്ങുന്ന ജനക്കൂട്ടത്തിൻ്റെ ദൃശ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകരും പ്രാദേശിക മാധ്യമങ്ങളും പങ്കുവെച്ചിട്ടുള്ളത്. പാകിസ്ഥാൻ അഫ്ഗാൻ വിട്ടു പോകണമെന്നും അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ പാവ സര്‍ക്കാര്‍ വേണ്ടെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാൽ പ്രതിഷേധം കനത്തതോടെ ജനങ്ങളെ പിരിച്ചു വിടാനായി താലിബാൻ ആകാശത്തേയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് എഎഫ്പി റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ താലിബാൻ ഔദ്യോഗികമായി ക്ഷണിച്ചിട്ടുമുണ്ട്. പാക്ചാരസംഘടനയായ ഐഎസ്ഐ ഇന്ത്യയിലെ ഭീകരസംഘടനകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുണ്ടെന്നും ഇന്ത്യൻ അന്വേഷണ ഏജൻസികള്‍ മുൻപ് പലവട്ടം കണ്ടെത്തിയിട്ടുണ്ട്. ഐഎസ്ഐ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഫ്ഗാൻ സര്‍ക്കാര്‍ രൂപീകരണത്തിൽ പാകിസ്ഥാനു വലിയ പങ്കുണ്ടെന്നുമാണ് ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.