
സ്വന്തം ലേഖകൻ: അമേരിക്ക കാബൂൾ വിട്ടതോടെ അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി താലിബാൻ. പഞ്ച് ശീർ പിടിക്കാനുള്ള പോരാട്ടവും താലിബാൻ തുടങ്ങിയിട്ടുണ്ട് .അതേസമയം സേനാ പിൻമാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. 20 വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍റെ സമ്പൂർണ നിയന്ത്രണം താലിബാന്‍റെ കൈകളിലെത്തിയിരിക്കുകയാണ്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന പേരിൽ താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
സമുന്നത നേതാവ് ഹിബതുല്ല അഖുന്ത് സാദയുടെ നേതൃത്വത്തിലാണ് സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുന്നത്. ഭരണത്തലപ്പത്ത് ആരാകും എന്നതിൽ വ്യക്തത വന്നിട്ടില്ല. താലിബാനു കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച് ശീറിൽ അധികാരം പിടിക്കാൻ കനത്ത പോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ട്. പോരാട്ടത്തിൽ താലിബാന്‍റെ എട്ടു സൈനികരെ വധിച്ചതായി പഞ്ച്ശീർ നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ പഞ്ച് ശീർ പോരാളികൾക്കാണ് നാശനഷ്ടങ്ങളെന്നാണ് താലിബാൻ പറയുന്നത്. പഞ്ച് ശീറിന്‍റെ 3 ചെക്പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാൻ അവകാശപ്പെടുന്നു.
അതിനിടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാനുള്ളിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ തര്‍ക്കം നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക് എമിറേറ്റ് ഓഫ് താലിബാൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും താലിബാൻ എങ്ങനെ അഫ്ഗാനിസ്ഥാനിൽ സര്‍ക്കാര്‍ രൂപീകരിച്ച് ഭരിക്കുമെന്നതാണ് പ്രധാന ചോദ്യം. താലിബാൻ നേതൃത്വവും രാജ്യത്ത് ശക്തമായ സാന്നിധ്യമായ ഹഖാനി നെറ്റ്‍വര്‍ക്കും തമ്മിൽ ഇക്കാര്യത്തിൽ തര്‍ക്കം നിലനിൽക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാബിനറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാൻ തലവൻ മുല്ലാ ഹിബത്തുള്ള അഖുൻസാദ നാളെ കാബൂളിലെത്തിയേക്കും. അതേസമയം, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇദ്ദേഹം നിലവിൽ കാണ്ഡഹാറിൽ കഴിയുകയാണെന്നാണ് വിവരം. ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി മുദ്ര കുത്തിയിട്ടുള്ള താലിബാൻ ലോകത്തിനു മുന്നിൽ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന പ്രതീതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ സംഘടനയ്ക്കുള്ളിൽ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിൻ്റെ സ്വഭാവം എന്തായിരിക്കണമെന്നതാണ് പ്രധാന തര്‍ക്കവിഷയം. സൈനികവിഭാഗങ്ങള്‍ക്ക് സര്‍ക്കാരിൽ കൂടുതൽ പ്രാതിനിധ്യം നല്‍കണമെന്നാണ് മുല്ലാ ഒമറിൻ്റെ മകനായ മുല്ലാ യാക്കൂബിൻ്റെ വാദം. താലിബാൻ്റെ രണ്ടാമത്തെ ഏറ്റവും വലിയ നേതാവായ മുല്ലാ യാക്കൂബ് താലിബാൻ മിലിട്ടറി കമ്മീഷൻ്റെ തലവനുമാണ്. എന്നാൽ താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ലാ ബറാദര്‍ വാദിക്കുന്നത് താലിബാൻ്റെ രാഷ്ട്രീയ മുഖമായിരിക്കണം സര്‍ക്കാരിൽ ഉണ്ടാകേണ്ടതെന്നാണ്.
ദോഹയിലെ സുഖസൗകര്യങ്ങളിൽ ഇരിക്കുന്നവര്‍ക്ക് യുഎസിനോട് പടവെട്ടിയവരുടെ പ്രശ്നം മനസ്സിലാകില്ലെന്ന് മുല്ലാ യാക്കൂബ് തുറന്നടിച്ചെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട്. ദോഹയിലെ താലിബാൻ്റെ രാഷ്ട്രീയകാര്യ ഓഫീസിൽ വെച്ച് മുല്ലാ ബറാദറും ഷേര്‍ മുഹമ്മദ് സ്റ്റനേക്സായിയും ചേര്‍ന്നാണ് യുഎസുമായി സമാധാന ചര്‍ച്ചകള്‍ നടത്തിയത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറുമെന്നു ഉറപ്പായപ്പോള്‍ തന്നെ താലിബാനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. നിലവിൽ കാണ്ഡഹാറിലുും കാബൂളിലുമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബുധനാഴ്ചയോടു കൂടി തന്നെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രസ്താവനയുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഹഖാനി നെറ്റ്‍വര്‍ക്കിനാണ് കാബൂളിൻ്റെ നിയന്ത്രണമുള്ളത്. ഇവര്‍ക്കാണ് പാകിസ്ഥാനുമായി കൂടുതൽ അടുപ്പമുള്ളത്.
അതേസമയം, കാണ്ഡഹാര്‍ അടക്കമുള്ള പ്രധാന നഗരങ്ങളുടെ നിയന്ത്രണം മുല്ലാ യാക്കൂബിനാണ്. ഈ രണ്ട് ഘടകങ്ങള്‍ക്കും താലിബാൻ ഭരണകൂടത്തിൽ പങ്കാളിത്തമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല