
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ താലിബാനു മുന്‍പില്‍ കീഴടങ്ങാത്ത ഏകപ്രവിശ്യയായ പഞ്ച്ശീറിൽ രണ്ടു ദിവസമായി കനത്ത പോരാട്ടം തുടരുകയാണ്. പഞ്ച്ശീർ താഴ്‍വര താലിബാൻ വളഞ്ഞു കഴിഞ്ഞു. താഴ്‍വരയിലേക്കുളള വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ താലിബാൻ വിച്ഛേദിച്ചുതായി റിപ്പോർട്ടുണ്ട്. എന്നാൽ 350 ലധികം താലിബാൻ സേനാംഗങ്ങളെ വധിച്ചെന്ന് പഞ്ച്ശീർ പ്രതിരോധ സേന അവകാശപ്പെട്ടു. പഞ്ച്ശീറിൽ നിന്നും തജികിസ്ഥാനിലേക്ക് ഒളിച്ചോടി എന്ന വാർത്ത മുൻ വൈസ് പ്രസിഡന്‍റ് അംറുല്ല സ്വാലിഹ് നിഷേധിച്ചു. വിഷയത്തിൽ യുഎൻ ഇടപെടണമെന്ന് അംറുല്ല ആവശ്യപ്പെട്ടു.
അവസാന ശ്വാസം വരെ പൊരുതുമെന്ന് പഞ്ച്ശീർ നേതാവ് അഹ്മദ് മസൂദും അറിയിച്ചു. എന്നാൽ പഞ്ച്ശീറിൽ വിജയം അവകാശപ്പെട്ട് കാബൂളിൽ താലിബാൻ ആഘോഷം തുടങ്ങി. പഞ്ച്ശീറിൽ പോരാട്ടം തുടരുന്നതുകൊണ്ടാണ് താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം നീളുകയാണ് . നയതന്ത്രത്തിലൂടെ പഞ്ച്ശീർ നേതാക്കളെ കൂടി സർക്കാരിന്‍റെ ഭാഗമാക്കി പഞ്ച്ശീർ പിടിക്കാനായിരുന്നു താലിബാൻ നീക്കം. പക്ഷേ പഞ്ച്ശീർ നേതാക്കൾ വഴങ്ങിയില്ല. തുടർന്നായിരുന്നു താലിബാൻ പോരാട്ടത്തിനിറങ്ങിയത്.
അതേസമയം കാബൂൾ വിമാനത്താവളം അന്താരാഷ്ട്ര സർവീസുകൾക്കായി ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് ഖത്തർ അറിയിച്ചു. സാങ്കേതിക സഹായം നൽകാൻ ഖത്തറിൽ നിന്നുള്ള പ്രത്യേക സംഘം കാബൂളിലുണ്ട്. വിമാനത്താവളം വഴി അഫ്ഗാനിലേക്ക് സഹായങ്ങളെത്തിക്കുന്നതിനും അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കുമായിരിക്കും മുൻഗണന നൽകുക.
ഓഗസ്റ്റ് 15ന് ആണ് താലിബാന്‍ കാബൂള്‍ നഗരത്തിന്‍റെ നിയന്ത്രണം പിടിച്ചടക്കിയത്. പിന്നാലെ, നിരവധി പ്രതിരോധ സേനകള്‍ പഞ്ച്‍ഷിറില്‍ ഒരുമിച്ചു. മുന്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുടെ മകന്‍ അഹ്മദ് മസൂദ് നയിക്കുന്ന ഈ പ്രാദേശിക സൈന്യത്തില്‍ ആയിരക്കണക്കിന് വിമത പോരാളികളുണ്ട്. അഫ്‍ഗാന്‍ സുരക്ഷാസേനയും ഇവര്‍ക്കൊപ്പമുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം പഞ്ച്ഷിര്‍ പ്രവിശ്യയിലേക്ക് കടക്കുക എളുപ്പമല്ല. ഇവിടെ യുദ്ധം ചെയ്യുന്നത് ദുഷ്‍കരമാണെന്ന് താലിബാനും അറിയാം ഇതാണ് വടക്കന്‍ പ്രവശ്യയുമായി താലിബാന്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നതും.
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പിടിക്കാനുള്ള ജീവന്മരണ പോരാട്ടം തുടരുന്നിടത്തോളം പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിനാൽ താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം നീളുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല