
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്ന് യു.എസിന് താലിബാന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്താന്റെ ഒട്ടുമിക്ക പ്രദേശങ്ങളും താലിബാന്‍ വളരെ വേഗത്തില്‍ കീഴടക്കിയതിനെത്തുടര്‍ന്ന് അവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. അഫ്ഗാന്‍ വിടുന്നത് ഓഗസ്റ്റ് 31-ന് അപ്പുറത്തേക്ക് നീളുമെന്ന് വിദേശരാജ്യങ്ങളുടെ സൈന്യങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് നേരത്തെ താലിബാന്‍ പറഞ്ഞിരുന്നു. എന്തായാലും ബൈഡന്‍ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് താലിബാന്‍ ഇപ്പോള്‍.
“ഓഗസ്റ്റ് 31-ന് തങ്ങളുടെ സൈനികരെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അത് നീട്ടുന്നത് അവര്‍ തങ്ങളുടെ സൈന്യത്തെ വ്യാപിപ്പിക്കുമെന്നാണ് അര്‍ത്ഥമാക്കുന്നത്. അതിന്റെ ആവശ്യം നിലവിലില്ല”-താലിബാന്‍ വക്താവ് സുഹെയ്ല്‍ ഷഹീന്‍ പറഞ്ഞു. “യു.എസോ യു.കെയോ ആളുകളെ ഒഴിപ്പിക്കുന്നതിന് കൂടുതല്‍ സമയം ചോദിച്ചാല്‍ ഉത്തരം ഇല്ലെന്നായിരിക്കും. അതിന് പ്രത്യാഘാതങ്ങളുണ്ടായിരിക്കും. അത് അവിശ്വാസ്യത സൃഷ്ടിക്കും. ഇവിടെത്തന്നെ തുടരാനാണ് തീരുമാനമെങ്കില്‍ അത് പ്രകോപനം സൃഷ്ടിക്കും,“ സ്‌കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഷഹീന്‍ പറഞ്ഞു.
അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്ന് അംഗീകാരം നേടിയെടുക്കാനാണ് താലിബാൻ ശ്രമം നടത്തുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. താലിബാൻ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും നിലപാടുകളും വിശ്വസിക്കാൻ തയ്യാറല്ല. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പറയുന്നത് പോലെ താലിബാൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുകയാണ്. നിയമസാധുത നേടുന്നതിനായിട്ടാണ് മറ്റ് രാജ്യങ്ങളുടെ വിശ്വാസ്യത നേടാൻ അവർ ശ്രമം നടത്തുന്നത്. നയതന്ത്ര സാന്നിധ്യം പൂർണമായും ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ പറയുന്നുണ്ട്. എന്നാൽ അവരുടെ ഈ വാക്കുകളൊന്നും ഞാൻ വിശ്വസിക്കാനാകില്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് പറഞ്ഞു.
അടിസ്ഥാനപരമായ ഒരു തീരുമാനമാണ് താലിബാൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. ജനങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനുമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നത് പ്രധാനമാണ്. അത്തരം നിലപാട് സ്വീകരിച്ചാൽ അവർക്ക് എല്ലാ തരത്തിലുള്ള സഹായവും ആവശ്യമായി വരും. അമേരിക്കൻ സൈന്യത്തിന് നേർക്ക് താലിബാൻ്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല