1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികളുടെ തിക്കുംതിരക്കുമാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍. വിമാനത്തില്‍ക്കയറാന്‍ ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്.
താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റേയും സൈന്യത്തിന്റേയും അതിവേഗത്തിലുള്ള കീഴടങ്ങലാണ് നൂറുകണക്കിന് വിദേശികളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരിൽ “അർഹത“ ഉള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി തയ്യാ റാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അഫ്ഗാനികൾക്ക് യുകെയിൽ അഭയം നൽകുന്ന ഒരു പ്രത്യേക പദ്ധതിയുടെ വിശദാംശങ്ങൾക്ക് പ്രധാനമന്ത്രിയും സർക്കാരും അന്തിമരൂപം നൽകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏറ്റവും ദുർബലരെയും പ്രത്യേകിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കുന്നതിനായിരിക്കും പദ്ധതിയിൽ മുൻതൂക്കം. അഫ്ഗാൻ അഭയാർഥികൾക്കായി ഒരു അടിയന്തിര പുനരധിവാസ പദ്ധതി രൂപീകരിക്കാൻ പ്രധാനമന്ത്രിക്ക് മേൽ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ലോകരാജ്യങ്ങൾ അഫ്‌ഗാൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കാനഡ 20000 ത്തോളം അഭയാർത്ഥികൾക്ക് അഭയം നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ പുതിയ പദ്ധതി പ്രകാരം യുകെയിൽ എത്ര അഫ്ഗാനികൾക്ക് അഭയം അനുവദിക്കുമെന്നതിനെക്കുറിച്ച് ഡൗണിംഗ് സ്ട്രീറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ ആരംഭിച്ച ഒരു പദ്ധതി പ്രകാരം ഇതിനകം തന്നെ ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ ജീവനക്കാർക്ക് ബ്രിട്ടനിൽ താമസമുറപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.

ഇപ്രകാരം 2,000 ത്തോളം യോഗ്യരായ വ്യക്തികളെ സൈനിക ചാർട്ടേഡ് വാണിജ്യ വിമാനങ്ങളിൽ ബ്രിട്ടനിൽ എത്തിച്ച് അഭയം നൽകിയതായാണ് കണക്കുകൾ. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള സഖ്യ കക്ഷികളെ പിന്തുണക്കുകയും താലിബാനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്ന അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് ബ്രിട്ടനിൽ അഭയം തേടാൻ ശ്രമിക്കുന്നത്.

ക്രൂരതക്കും പ്രതികാരത്തിനും പേരുകേട്ട താലിബാന്‍ ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് സർക്കാരും പങ്കുവക്കുന്നു. എന്നാൽ ബ്രിട്ടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന്‍ അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് സ്‌കൈ ന്യൂസിനോട് വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം സുരക്ഷിതമാണെന്നും ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിദിനം 1000 മുതല്‍ 1200 പേരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസിനൊപ്പം നിന്ന ബ്രിട്ടനെ അഫ്ഗാനിൽ യുഎസ് കൈവിട്ടതായുള്ള ആരോപണങ്ങളും ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.