1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച പറന്നുയര്‍ന്ന വിമാനത്തില്‍ മേജര്‍ ജനറല്‍ ക്രിസ് ഡൊണാഹുവും കയറി. അത് കാബൂളില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്ന അവസാനത്തെ വിമാനമായിരുന്നു. മേജര്‍ ക്രിസ് അഫ്ഗാനിസ്ഥാന്‍ വിടുന്ന അവസാനത്തെ അമേരിക്കക്കാരനുമായിരുന്നു.

മേജര്‍ ക്രിസ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പറന്നുയര്‍ന്ന അവസാനത്തെ വിമാനത്തിലേക്ക് ചുവടുവയ്ക്കുന്ന ചിത്രം പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ആണ് കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അവസാനത്തെ അമേരിക്കന്‍ വിമാനം. യുഎസ് സേനാ പിന്മാറ്റം ആകാശത്തേക്ക് വെടിയുതിർത്ത് താലിബാൻ ആഘോഷമാക്കി.

തങ്ങൾക്കുവേണ്ടി പ്രവർത്തിച്ച എല്ലാ അഫ്ഗാൻ പൗരന്മാർക്കും വിസ നൽകുമെന്ന് നേരത്തെ അമേരിക്ക വാഗ്ദാനം നൽകിയിരുന്നു. എന്നാൽ എല്ലാവരെയും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് അമേരിക്ക അറിയിച്ചു.അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇനിയെങ്ങനെ രക്ഷപ്പെടുത്തും എന്ന കാര്യത്തിലും അനിശ്ചതത്വം നിലനിൽക്കുന്നു.

അമേരിക്കയുടെ പിന്മാറ്റം താലിബാൻ ആഷോഷിക്കുകയാണ്. നഗരത്തിവീഥികളിൽ ആകാശത്തേക്ക് വെടിപൊട്ടിച്ചായിരുന്നു അർധരാത്രിക്കു ശേഷം പുലർച്ചെ വരെ നീണ്ട ആഘോഷം. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഹോൾഡ് താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കാബൂളിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി വിമാനങ്ങളും കവചിത വാഹനങ്ങളും ഉപയോഗ ശൂന്യമാക്കിയതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ രണ്ടാഴ്ച നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചതിനു പിന്നാലെയാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.

കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നു 73 എയർക്രാഫ്റ്റുകൾ, 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് ഉപയോഗശൂന്യമാക്കിയശേഷം ഉപേക്ഷിച്ചത്. ‘ആ വിമാനങ്ങൾ ഇനി പറക്കില്ല, ആർക്കും അവ പ്രവർത്തിപ്പിക്കാനും കഴിയില്ല.’– ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.

വിമാനത്താവളത്തെ റോക്കറ്റ് ആക്രമണത്തിൽനിന്നു രക്ഷിക്കാനായി ഒരുക്കിയിരുന്ന സംവിധാനവും യുഎസ് നശിപ്പിച്ചു. തിങ്കളാഴ്ച, കാബൂൾ വിമാനത്താവളത്തിനു നേരെ വന്ന അഞ്ച് റോക്കറ്റുകൾ ഈ സംവിധാനം ഉപയോഗിച്ചാണ് യുഎസ് തകർത്തത്. കാബൂളിൽനിന്ന് അവസാന യുഎസ് വിമാനവും പറന്നുയരുന്നത് വരെ ഇവയെല്ലാം പ്രവർത്തനക്ഷമമായിരുന്നെന്ന് യുഎസ് ഉറപ്പാക്കിയിരുന്നതായി ജനറൽ മക്കെൻസി അറിയിച്ചു.

അമേരിക്കയുടെ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാന്‍ നല്‍കിയ അവസാന തിയ്യതി. ഓഗസ്റ്റ് 14 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 122,000 ആളുകളെ അമേരിക്ക കാബൂളില്‍ നിന്ന് രക്ഷപ്പെടുത്തി. ഓഗസ്റ്റ് 13നാണ് താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.