1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ജൂനിയർ വനിതാ വോളിബോൾ താരത്തെ താലിബാൻ ഭീകരർ കഴുത്തറുത്ത് കൊന്നതായി റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരം മഹ്ജബീൻ ഹക്കിമിയെന്ന വനിതാ താരത്തെ താലിബാൻ ഭീകരർ കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. വോളിബോൾ ടീമിന്റെ കോച്ച് പേർഷ്യൻ ഇൻഡിപെന്റന്റിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പ് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ടീമിനു വേണ്ടിയാണ് മഹ്ജബീൻ കളിച്ചിരുന്നത്. ടീമിന്റെ മുഖ്യ കളിക്കാരിയായിരുന്നു മഹ്ജബീൻ. താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷം ടീമിലെ രണ്ട് കളിക്കാർക്ക് മാത്രമാണ് രാജ്യം വിടാൻ സാധിച്ചതെന്ന് കോച്ച് വെളിപ്പെടുത്തി.

വോളിബോൾ താരങ്ങൾ വിദേശ ടൂർണ്ണമെന്റിൽ കളിച്ചതാണ് താലിബാനെ ചൊടിപ്പിച്ചത്. രണ്ട് താരങ്ങളൊഴിച്ച് ശേഷിക്കുന്നവരെല്ലാം ഒളിവിലാണെന്ന് കോച്ച് പറയുന്നു. സ്വന്തം പേര് വെളിപ്പെടുത്താതെയാണ് കോച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എപ്പോഴാണ് കൊലപാതകം നടന്നതെന്ന് മഹ്ജബീന്റെ കുടുംബത്തിന് മാത്രമേ അറിയൂ.

കൊലപാതകത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തുവരാൻ വൈകിയതെന്ന് കോച്ച് പറഞ്ഞു. താരത്തിന്റെ തലയറുക്കപ്പെട്ട ശരീരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. താലിബാന് എതിർപ്പുള്ള ഹസാറ വിഭാഗത്തിൽപെട്ടയാളാണ് മഹ്ജബീൻ എന്നാണ് റിപ്പോർട്ട്.

വനിതാ കായിക താരങ്ങൾക്കെതിരെ അതിക്രൂരമായ നിലപാടാണ് താലിബാൻ ഭീകരർ സ്വീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിൽ സ്ത്രീകൾ ഏർപ്പെടരുതെന്നാണ് താലിബാന്റെ നിർദ്ദേശം. മുൻ സർക്കാരിന്റെ കാലത്ത് കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾക്കായി താലിബാൻ രാജ്യവ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.