1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2024

സ്വന്തം ലേഖകൻ: ഏപ്രിലിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ സാഹീല്‍ പ്രദേശത്തുണ്ടായ ഉഷ്ണതരംഗത്തിന് പിന്നില്‍ മനുഷ്യപ്രേരിതമായ കാലാവസ്ഥാ മാറ്റമെന്ന് വേള്‍ഡ് വെതല്‍ ആട്രിബ്യൂഷന്‍ (ഡബ്ല്യുഡബ്ല്യഎ). 200 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഇത്തരം ഉഷ്ണതരംഗസംഭവങ്ങൾക്ക് കാഠിന്യമേറാന്‍ കാരണം മനുഷ്യര്‍ തന്നെയെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോസിൽ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ മനുഷ്യരാശി ആ​ഗോള താപനത്തിന്റെ വേ​ഗത കൂട്ടിയതാണ് ഇത്രവലിയ ഉഷ്ണത്തിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയിലും ബർക്കിനാ ഫാസോയിലും ഏപ്രില്‍ ഒന്നിനും അഞ്ചിനുമിടയില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ രേഖപ്പെടുത്തി.

മുന്‍പുണ്ടാകാത്ത തരത്തിലാണിതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. സാഹീല്‍ പ്രദേശത്ത് മാര്‍ച്ചിനും ഏപ്രിലിനും കടുത്ത തോതിലുള്ള ഉഷ്ണതരംഗമുണ്ടാകാനുള്ള പ്രധാന കാരണം ആഗോളതാപനമാണെന്നും നിരീക്ഷണങ്ങളിലൂടെയും കാലാവസ്ഥാ മോഡലുകളിലൂടെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

കടുത്ത ഉഷ്ണതരം​ഗം 200 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ നിത്യസംഭവമായേക്കുമെന്ന ആശങ്കയും ഗവേഷകര്‍ പങ്കുവെയ്ക്കുന്നു. മാലിയിലും ബർക്കിനാ ഫാസോയിലും ജനങ്ങള്‍ പ്രതികൂല കാലാവസ്ഥയോട് പൊരുത്തപ്പെട്ടുവെങ്കിലും ചൂട് മരണങ്ങള്‍ക്കും കാരണമായി.

വിവരശേഖരണത്തിലെ പരിമിതികള്‍ മൂലം ഈ രണ്ടുരാജ്യങ്ങളിലുമുണ്ടായ യഥാര്‍ത്ഥ മരണനിരക്ക് അറിയാന്‍ കഴിഞ്ഞില്ലെന്നും ഡബ്ല്യഡബ്ല്യഎ പറയുന്നു. ചിലപ്പോള്‍ ഇത് നൂറോ, ആയിരങ്ങളോ ആകാമെന്നും സംഘടന പറയുന്നു. 1970-കളില്‍ സാഹീല്‍ പ്രദേശത്ത് വരള്‍ച്ചയും വ്യാപകമായതും മഴയുടെ അളവില്‍ 1990-കളില്‍ വര്‍ധനവുമുണ്ടായതും കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.