1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2020

സ്വന്തം ലേഖകൻ: വംശീയ വിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ തുടരുന്ന അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു. റെയ്ഷാര്‍ഡ് ബ്രൂക്ക്‌സ് എന്ന 27കാരനാണ് വെള്ളിയാഴ്ച പോലീസിന്റെ വെടിയേറ്റു മരിച്ചത്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പ്രതിഷേധം രൂക്ഷമായിരിക്കെയാണ് പുതിയ സംഭവം.

അറ്റ്‌ലാന്റയിലെ ഒരു റസ്‌റ്റോറന്റിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് റെയ്ഷാര്‍ഡ് ഉറങ്ങിയതിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. പോലീസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റെയ്ഷാര്‍ഡിനെ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്നാണ് വിശദീകരണം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബ്രൂക്ക്‌സും പോലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായത്. തുടര്‍ന്നാണ് പോലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ഇയാള്‍ ഓടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് പോലീസുകാരില്‍ ഒരാള്‍ ഇയാള്‍ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ബ്രൂക്‌സിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

പോലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അറ്റ്‌ലാന്റ പോലീസ് ചീഫ് എറിക്ക ഷീല്‍ഡ്‌സ് എന്ന വനിതാ ഉദ്യോഗസ്ഥ രാജിവെച്ചു. തുടര്‍ന്ന് അറ്റ്‌ലാന്റ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ് കൊല നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പുതിയ സംഭവത്തിലും ശക്തമായ പ്രതിഷേധമാണ് അമേരിക്കയില്‍ ഉയരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.