1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2024

സ്വന്തം ലേഖകൻ: മുതിർന്നപൗരരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. പോളിസി വാങ്ങുന്നതിന് പ്രായത്തിന്റെ മാനദണ്ഡം വേണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.). ഇൻഷുറൻസ് ഉത്പന്നങ്ങൾ സംബന്ധിച്ച ഏറ്റവുംപുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യപരിരക്ഷ കിട്ടാത്ത ഒട്ടേറെ മുതിർന്ന ആളുകൾക്ക് ഇത് വലിയ ആശ്വാസമാകും.

നിലവിലെ നിയമപ്രകാരം 65 വയസ്സിനുമുകളിലുള്ളവർക്ക് ആരോഗ്യപരിരക്ഷാ പോളിസികൾ വാങ്ങുന്നതിന് കടുത്ത നിയന്ത്രണമുണ്ടായിരുന്നു. പുതിയ ഉത്തരവുപ്രകാരം ഏതു പ്രായത്തിലുള്ളവർക്കും പോളിസികൾ വാങ്ങാം. മുതിർന്നവർ, വിദ്യാർഥികൾ, കുട്ടികൾ, ഗർഭാവസ്ഥയിലുള്ളവർ തുടങ്ങിയ വിഭാഗക്കാർക്ക് യോജിച്ച പോളിസികൾ അവതരിപ്പിക്കണമെന്നും കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്.

ഇത്തരത്തിൽ പ്രത്യേകപരിഗണന വേണ്ട വിഭാഗങ്ങളെയെല്ലാം ഉൾപ്പെടുത്തണം. അസുഖങ്ങളുള്ള ആളുകളുടെ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചും ഉത്തരവ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്‌. ഇവർക്കും പരിരക്ഷയ്ക്കാവശ്യമായ നടപടികൾ കൈക്കൊള്ളണം.

അസുഖം വ്യക്തമാക്കിയ ആൾ തുടർച്ചയായി 36 മാസവും പോളിസിപരിധിയിൽ തുടരുന്നപക്ഷം മേൽപ്പറഞ്ഞ അസുഖത്തിനും പരിരക്ഷ നൽകണമെന്നാണ് നിർദേശം. ആയുഷ് വിഭാഗങ്ങളിലെ ചികിത്സയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരാൻ നിർദേശിച്ചിട്ടുണ്ട്. മുതിർന്നപൗരരുടെ ക്ലെയിം തുടങ്ങി പോളിസിസംബന്ധിച്ച എല്ലാപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകവിഭാഗം ഏർപ്പെടുത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഈ സംവിധാനം സംബന്ധിച്ച വിശദമായ വിവരങ്ങൾ ബന്ധപ്പെട്ട കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയുംവേണം. അതോറിറ്റി കഴിഞ്ഞവർഷം നിയോഗിച്ച ഹെൽത്ത് ഇൻഷുറൻസ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് പുതിയ വിജ്ഞാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.