സ്വന്തം ലേഖകൻ: ഇന്ന് വ്യാഴാഴ്ച ബഹ്റൈനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗാസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ വിഷയങ്ങള്‍ മുഖ്യ അജണ്ടയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന അറബ് ലോകത്തെ വിദേശകാര്യ മന്ത്രിമാര്‍ യോഗം, ഗാസയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടുത്ത നയതന്ത്ര നടപടിയുടെ ഭാഗമായി പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിന് സമാധാന സമ്മേളനം സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രകടിപ്പിക്കാന്‍ വാക്കുകള്‍ക്ക് കഴിയുന്നില്ലെന്ന് അറബ് ലീഗ് തലവന്‍ അഹമ്മദ് അബൂ ഗെയ്ത് അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധരായ എല്ലാ കക്ഷികളും ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് ഉച്ചകോടി ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അറബ് ഉച്ചകോടിയില്‍ ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്ന കാര്യത്തിലും ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിലും ഏകീകൃത അറബ് നിലപാട് അവതരിപ്പിക്കാന്‍ ഉച്ചകോടി വഴിയൊരുങ്ങും. ഗാസ പ്രശ്‌നത്തിന് പുറമെ, പട്ടിണി നേരിടുന്ന സുഡാനിലെ യുദ്ധം പോലുള്ള പ്രതിസന്ധികളും ഉച്ചകോടി അഭിസംബോധന ചെയ്യും. ലിബിയ, യെമന്‍, സിറിയ എന്നിവിടങ്ങളിലെ പ്രതിസന്ധികളും ഉച്ചകോടി ചര്‍ച്ച ചെയ്യും.
ചൊവ്വാഴ്ച ബഹ്റൈന്‍ തലസ്ഥാനത്ത് നടന്ന വിദേശകാര്യ മന്ത്രിമാര്‍ക്കായുള്ള തയ്യാറെടുപ്പ് യോഗത്തില്‍, ഉച്ചകോടിയുടെ കരട് അജണ്ടയും നേതാക്കള്‍ക്ക് സമര്‍പ്പിക്കുന്ന കരട് പ്രമേയങ്ങളും രേഖകളും മന്ത്രിമാര്‍ അംഗീകരിച്ചു. ബഹ്റൈന്‍ പ്രഖ്യാപനം സംബന്ധിച്ച് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇത്തവണ സമ്പൂര്‍ണ്ണവുമായ ധാരണയുണ്ടെന്നും റിയാദില്‍ നടന്ന ഉച്ചകോടിയില്‍ സ്വീകരിച്ച പ്രമേയത്തിന്റെ തുടര്‍ച്ചയാണ് ബഹ്റൈന്‍ പ്രക്യാപനമെന്നും അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഹൊസാം സാക്കി പറഞ്ഞു.
അറബ് ലീഗ് ഉച്ചകോടിക്കായി വന്‍ സന്നാഹങ്ങളാണ് തലസ്ഥാനമായ മനാമയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ അറബ് രാഷ്ട്രത്തിലവന്‍മാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക ലോഞ്ച് നേരത്തേ സജ്ജമാക്കിയിരുന്നു. നേരത്തേ ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് രാജാവുമായി നടന്ന കൂടിക്കാഴ്ചയില്‍ ഉച്ചകോടി വിജയിപ്പിക്കുന്നതിന് ബഹ്റൈന്‍ സ്വീകരിച്ച ഒരുക്കങ്ങളില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബൂഗൈത് രാജാവിന് പ്രത്യേകം നന്ദി അറിയിച്ചു. ഇത്തരമൊരു ചരിത്രപരമായ ഉച്ചകോടി ബഹ്റൈനില്‍ സംഘടിപ്പിക്കുന്നതില്‍ ഏറെ അഭിമാനമുള്ളതായി രാജാവ് വ്യക്തമാക്കി.
മേഖല കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തില്‍ ചേരുന്ന ഉച്ചകോടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് രാജാവ് പറഞ്ഞു. അറബ് രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങളും അഭിമാനാര്‍ഹമായ വളര്‍ച്ചയും നിലനിര്‍ത്തുന്നതിനും മേഖലയില്‍ സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിനും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല