1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2021

സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്ത് സമ്പത്തിക പ്രശ്നം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. താലിബാൻ സർക്കാർ അധികാരത്തിൽ എത്തിയതോടെ വിദേശസഹായം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. താലിബാൻ്റെ നിയന്ത്രണത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ എത്തുകയും രാജ്യത്ത് ഗുരുതര സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാണ്.

തൊഴിൽ സ്ഥാപനങ്ങളിൽ പലതും അടഞ്ഞതോടെ വരുമാനം നിലച്ച അവസ്ഥയിലാണ് ആളുകൾ. ഇതോടെ പലരും വിലപിടിച്ച വീട്ടുസാധനങ്ങൾ വിൽക്കാൻ ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. താലിബാൻ ഭരണം ഏറ്റെടുത്തതോടെ ലോകബാങ്കും ഐഎംഎഫും അടക്കം വിദേശസഹായം അവസാനിപ്പിച്ചു. താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സാമ്പത്തിക സഹായം നൽകാൻ മടി കാണിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെ യുഎൻ സഹായം നൽകും. സഹായ പ്രവർത്തനങ്ങൾക്കായി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് രണ്ട് കോടി ഡോളർ സഹായം പ്രഖ്യാപിച്ചു. യുഎന്നിൻ്റെ അടിയന്തര സഹായ ഫണ്ടിൽ നിന്നാണ് പണം അനുവദിച്ച് നൽകിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന് അറുപത് കൊടി ഡോളറിൻ്റെ അടിയന്തര സഹായം വേണമെന്നും യുഎൻ അറിയിച്ചു.

യുഎൻ സന്നദ്ധത പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ സർക്കാരിൻ്റെ പിന്തുണ ഉറപ്പാക്കാൻ യുഎൻ റിലീഫ് മേധാവി മാർട്ടിൻ ഗ്രിഫിത്സ് കഴിഞ്ഞയാഴ്ച കാബൂളിൽ സന്ദർശനം നടത്തിയിരുന്നു. സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം ഉണ്ടായെങ്കിലും താലിബാൻ സർക്കാരിനോട് അനുകൂല നിലപാട് സ്വീകരിക്കാൻ യുഎൻ തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് താലിബാൻ നേതാക്കൾ മുൻപ് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്നുവെന്ന് യുഎൻ മനുഷ്യവകാശ ഹൈക്കമ്മിഷണർ മീഷേൽ ബച്ചെല പറഞ്ഞു.

“അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിൽ സ്ത്രീകൾക്ക് പ്രാതിനിധ്യമില്ല. പല പ്രവശ്യകളിലും 12 വയസിന് മുകളിലുള്ള പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം വിലക്കി. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു,” എന്നും മീഷേൽ ബച്ചെല പറഞ്ഞു.

പുതിയതായി അധികാരമേറ്റ ഇടക്കാല സർക്കാർ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് താലിബാൻ ഒഴിവാക്കിയിരുന്നു. ധൂർത്ത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ചടങ്ങ് ഒഴിവാക്കുന്നതെന്നാണ് താലിബാൻ നിലപാട്. പണവും മറ്റ് വിഭവങ്ങളും പാഴാക്കാതിരിക്കാനാണ് പരിപാടി ഒഴിവാക്കിയതെന്നാണ് താലിബാൻ വക്താവ് അറിയിച്ചത്. എന്നാൽ സാമ്പത്തിക പ്രശ്നമാണ് തീരുമാനത്തിന് കാരണം എന്നാണ് സൂചന. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണ വാർഷികമായ സെപ്റ്റംബർ 11ന് അധികാരമേൽക്കൽ ചടങ്ങ് നടത്താനായിരുന്നു താലിബാൻ്റെ തീരുമാനം.

താലിബാൻ സർക്കാരിനോടുള്ള നിലപാട് വ്യക്തമാക്കാൻ വിവിധ രാജ്യങ്ങൾ മടി കാണിക്കുന്നതിനിടെ പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈനിൻ്റെ ആദ്യ വിമാനം കാബൂൾ വിമാനത്താവളത്തിലെത്തി. താലിബാൻ സർക്കാർ വന്നശേഷമുള്ള പാകിസ്ഥാൻ്റെ ആദ്യ വിമാനമാണ് കാബൂളിൽ എത്തിയത്. ഖത്തർ എയർ ലൈസൻസിൻ്റെ ചാർട്ടേഡ് വിമാനങ്ങൾ വിദേശികൾക്കൊപ്പം അഫ്ഗാൻ പൗരന്മാരെയുമായി കഴിഞ്ഞ ആഴ്ച കാബൂൾ വിട്ടിരുന്നു. യുഎസ് സൈന്യം പിന്മാറിയ ശേഷം കാബൂൾ രാജ്യാന്തര വിമാനത്താവളം പൂർണനിലയിൽ സജ്ജമായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.