സ്വന്തം ലേഖകന്‍: രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിന് ജയം. കൂറുമാറി ബി.ജെ.പിക്കു വോട്ട് ചെയ്‌തെന്നു സംശയിക്കുന്ന തങ്ങളുടെ രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതോടെയാണ് അഹമ്മദ് പട്ടേല്‍ ജയം ഉറപ്പിച്ചത്. മൂന്നു സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് വിജയിച്ച മറ്റു രണ്ടുപേര്‍.
അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും വിജയം ബി.ജെ.പി. നേരത്തെ ഉറപ്പാക്കിയിരുന്നു. എന്നാല്‍, ശങ്കര്‍ സിങ് വഗേലയുടെ നേതൃത്വത്തില്‍ നടന്ന വിമതനീക്കങ്ങളും അമിത് ഷായുടെ തന്ത്രങ്ങളും അഹമ്മദ് പട്ടേലിന്റെ സാധ്യതകളില്‍ നിഴല്‍ വീഴ്ത്തി. ഉദ്വേഗഭരിതമായ വോട്ടെടുപ്പിനിടെ ഭോലാഭായ് ഗോഹില്‍, രാഘവ്ജിഭായ് പട്ടേല്‍ എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റ് പേപ്പര്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഏജന്റുമാരെയും അമിത് ഷായെയും കാണിച്ചതാണു പട്ടേലിനു രക്ഷയായത്.
രാജ്യസഭാ തെരഞ്ഞെടുപ്പു നിയമനുസരിച്ച് സമ്മതിദായകര്‍ തങ്ങളുടെ പാര്‍ട്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രതിനിധികളെ മാത്രമേ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കാണിക്കാവൂ. അതുകൊണ്ടുതന്നെ, ബാലറ്റിന്റെ രഹസ്യസ്വഭാവം പരിഗണിക്കാത്ത ഗോഹിലിന്റെയും പട്ടേലിന്റെയും വോട്ടുകള്‍ റദ്ദാക്കണമെന്ന വാദമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
എന്നാല്‍ കോണ്‍്രഗസിന്റെ അവകാശവാദത്തില്‍ കഴമ്പില്ലെന്നും വോട്ടെണ്ണല്‍ എത്രയും വേഗം പുനഃരാരംഭിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ഇരു പാര്‍ട്ടികളും തങ്ങളുടെ വാദങ്ങളുമായി മൂന്നു തവണയാണ് ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഒടുവില്‍ രണ്ട് എം.എല്‍.എമാരുടെ വോട്ടുകള്‍ റദ്ദാക്കിക്കൊണ്ടുള്ള കമ്മിഷന്റെ തീരുമാനമെത്തി.
ഇതിനിടെ പട്ടേല്‍ സമുദായത്തോടുളള അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി. എം.എല്‍.എ. നളിന്‍ കൊട്ടാടിയ കൂറുമാറി അഹമ്മദ് പട്ടേലിനു വോട്ടു രേഖപ്പെടുത്തി. രാത്രി വൈകി ഫെയ്‌സ്ബുക്കിലൂടെയാണ് കൊട്ടാടിയ ഇക്കാര്യം വ്യക്തമാക്കിയത്. കൊട്ടാടിയയുടെ കൂറുമാറ്റവും രണ്ട് വോട്ടുകള്‍ അസാധുവാക്കപ്പെടുകയും ചെയ്തതോടെയാണ് പട്ടേലിന്റെ ജയം.
182 അംഗ നിയമസഭയില്‍ നിലവിലുള്ള 176 എം.എല്‍.എമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തേ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല