1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2023

സ്വന്തം ലേഖകൻ: ‘എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും’- നിര്‍മിത ബുദ്ധിയുടെ ‘സ്രഷ്ടാവ്’ ഡോ. ജെഫ്രി ഹിന്റന്‍ കഴിഞ്ഞ ദിവസം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. ‘സമീപ ഭാവിയില്‍ നിര്‍മിത ബുദ്ധി മനുഷ്യ ബുദ്ധിയെ മറികടക്കും, അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കും’- ഡോ. ജെഫ്രി ഹിന്റന്‍ കൂട്ടിച്ചേര്‍ത്തു. വിവര സാങ്കേതിക രംഗത്ത് ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗൂഗിളില്‍ നിന്നും പടിയിറക്കം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഡോ. ജെഫ്രി ഹിന്റന്‍ നിര്‍മിത ബുദ്ധിയെന്ന വലിയ കണ്ടെത്തലിനെ കുറിച്ച് പശ്ചാത്തപിക്കുന്നത്.

നിലവില്‍ മനുഷ്യനോളം ബുദ്ധിയുളളവയല്ല ചാറ്റ് ബോട്ടുകള്‍. എന്നാല്‍ ഉടനെതന്നെ മനുഷ്യ മസ്തിഷ്‌ക്കങ്ങളെ മറിക്കടക്കാന്‍ നിര്‍മിത ബുദ്ധിക്കാകുമെന്നാണ് വിലയിരുത്തലെന്ന് ജെഫ്രി ഹിന്റണ്‍ മുന്നറയിപ്പ് നല്‍കുന്നു. നിര്‍മിത ബുദ്ധി ലോകത്തുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് പ്രചാരണം നടത്താന്‍ ഇനിയുള്ള കാലം ഉപയോഗിക്കും, ഗൂഗിളില്‍ നിന്നുള്ള പടിയിറക്കം ഇതിന് തനിക്ക് കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിര്‍മിത ബുദ്ധിയുടെ സാധ്യകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ആഗോള തലത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും, വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ സാങ്കേതിക വിദ്യ ഉപയോഗത്തിലേക്ക് തിരിയുകയും ചെയ്യുന്നതിനിടെയാണ് എഐയുടെ ദുരുപയോഗം ലോകത്തിനു വെല്ലുവിളി സൃഷ്ടിക്കുമെന്ന് അദ്ദേഹം തുറന്നു പറയുന്നത്.

നിര്‍മിത ബുദ്ധിയെ ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങളെ കുറിച്ച് ന്യൂ യോര്‍ക്ക് ടൈംസിലെ തന്റെ ലേഖനത്തിലും പരാമര്‍ശിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വാളാഡ്മിര്‍ പുട്ടിനടക്കമുള്ള ലോക നേതാക്കള്‍ നിര്‍മിത ബുദ്ധിയുപയോഗിച്ചുള്ള റോബോര്‍ട്ട് നിര്‍മാണ പ്രവര്‍ത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

മനുഷ്യ ബുദ്ധിയും നിര്‍മിത ബുദ്ധിയും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ജൈവികമായി പ്രവര്‍ത്തിക്കുന്ന മനുഷ്യരും ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധിയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. സ്വകാര്യ താത്പര്യാര്‍ഥം നിര്‍മിക്കുന്ന ഇത്തരം റോബോര്‍ട്ടുകള്‍ ഭാവിയില്‍ ലോകത്തിന് വെല്ലുവിളിയാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഇലോണ്‍ മസ്‌ക്കും സാം ആള്‍ട്ട്മാനും ഉള്‍പ്പെടയുള്ള പ്രമുഖ സംരംഭകരും ശാസ്ത്രജ്ഞരും ചേര്‍ന്നാണ് 2015 ല്‍ ഓപ്പണ്‍ എഐ സ്ഥാപിക്കുന്നത്. പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനു വേണ്ടി മൈക്രോ സോഫ്റ്റ് ഉടന്‍ തന്നെ കമ്പനിയില്‍ 20 കോടി യുഎസ് ഡോളര്‍ നിക്ഷേപവും സാങ്കേതിക പിന്തുണയും നല്‍കിയിരുന്നു. ഈ കൂട്ടായ്മയില്‍ നിന്നാണ് ജിപിടി എന്ന ടെക്‌നോളജിയുടെ ഉത്ഭവം. 2022 നവംബറിലാണ് ജിപിടി ടെക്‌നോളജിയുടെ മൂന്നാം പതിപ്പായ ജിപിടി 3 ലോകത്തെ ഞെട്ടിച്ച് പുറത്തിറങ്ങിയത്.

നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനത്തില്‍ ചാറ്റ് ബോട്ടുകള്‍ നിലവില്‍ വന്നതോടു കൂടി തൊഴില്‍ രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കകള്‍ പലരും പങ്കു വച്ചിരുന്നു. സര്‍ഗാത്മകതയെ വെല്ലുവിളിക്കാന്‍ നിര്‍മിത ബുദ്ധിക്ക് സാധിക്കില്ലെന്ന പരാമര്‍ശത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് എഐ സാങ്കേതിക വിദ്യ ഇന്ന് ചൂടേറിയ ചര്‍ച്ചായി തുടരുന്നത്.

ആഗോള തലത്തില്‍ മുന്‍ നിരയിലുള്ള ടെക് കമ്പനികള്‍ ജീവനക്കാരെ വന്‍ തോതില്‍ വെട്ടിച്ചുരുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പമാണ് നിര്‍മിത ബുദ്ധി മനുഷ്യരില്‍ നിന്നും തൊഴിലവസരങ്ങള്‍ കവര്‍ന്നെടുക്കുമെന്ന ആശങ്കകള്‍. ഇവ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വരുന്ന വാര്‍ത്തകള്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാവിയില്‍ 30 കോടി തൊഴിലവസരങ്ങളെ ബാധിക്കുമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ് മാന്‍ സാച്‌സിന്റെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നത്.

മാനവ വിഭവശേഷിക്ക് പകരം നിര്‍മിത ബുദ്ധിയിലേക്ക് ചുവടുമാറ്റാനൊരുങ്ങി അമേരിക്കന്‍ ടെക് ഭീമന്മാരായ ഐബിഎം എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്ന കമ്പനി അഞ്ച് വര്‍ഷത്തിനകം ഏകദേശം 7,800 ജീവനക്കാര്‍ക്ക് പകരം നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുമെന്നാണ് പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.