1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2024

സ്വന്തം ലേഖകൻ: എ ഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന പുതിയ തരം സ്പീഡ് ക്യാമറകള്‍ കൂടുതല്‍ ഭാഗങ്ങളില്‍ സ്ഥാപിക്കുകയാണ്. ഇംഗ്ലണ്ടിലെ 10 പോലീസ് സേനകളാണ് ഇപ്പോള്‍ ഈ പുതിയ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നാഷണല്‍ ഹൈവേസും വിവിധ പോലീസ് സേനകളും സംയുക്തമായിട്ടായിരിക്കും ഇത് സ്ഥാപിക്കുക. വാഹനമോടിക്കുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് നാഷണല്‍ ഹൈവേസിലെ നാഷണല്‍ റോഡ് യൂസര്‍ സേഫ്റ്റി ഡെലിവറി മേധാവി മാറ്റ് സ്റ്റേറ്റണ്‍ പറഞ്ഞു.

റോഡ് ഉപയോഗിക്കുന്നവര്‍ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന് ഉറപ്പാക്കാനും, അപകടകരമായ വിധത്തിലുള്ള ഡ്രൈവിംഗ് തടയാനുമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനമെന്നും മാറ്റ് സ്റ്റേറ്റണ്‍ അറിയിച്ചു.2021 മുതല്‍ ആയിരുന്നു ഇംഗ്ലണ്ടില്‍ ചിലയിടങ്ങളില്‍ ഈ ക്യാമറകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ദുര്‍ഹം, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ഹംബര്‍സൈഡ്, സ്റ്റഫോര്‍ഡ്ഷയര്‍, വെസ്റ്റ് മേഴ്സിയ, നോര്‍ത്താംപ്ടണ്‍ഷയര്‍, വില്‍റ്റ്ഷയര്‍, നോര്‍ഫോക്ക്, തെംസ് വാലി, സസ്സെക്‌സ് എന്നിവിടങ്ങളില്‍ ഇനി ഇത് വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങും.

വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗത്തിനൊപ്പം, വാഹനത്തിന്റെ വേഗത കണക്കാക്കുവാനും, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍മാരെ കണ്ടെത്താനും ഈ ക്യാമറകള്‍ക്ക് കഴിയും. വാഹനമോടിക്കുന്നവരുടെ പൂര്‍ണ്ണ ചിത്രം നല്‍കുന്നതിനായി ഒരു യൂണിറ്റില്‍ ഒന്നിലധികം ക്യാാമറകള്‍ ഉണ്ടായിരിക്കും. ഒരു ട്രെയിലറിലോ, സ്‌പെഷ്യലൈസ്ഡ് വാനുകളിലോ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഡ്രൈവര്‍ക്ക് പുറമെ യാത്രക്കാരുടെ ചിത്രങ്ങളും ഒപ്പിയെടുക്കും.

2021-ല്‍ ഈ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് നിയമലംഘനത്തിന് പിടിക്കപ്പെട്ടവരെ മുന്നറിയിപ്പ് നല്‍കി വിട്ടയയ്ക്കുകയായിരുന്നു. എന്നിരുന്നാലും പുനപരിശോധനക്കായി ചിത്രങ്ങള്‍ പോലീസിന് അയച്ചു കൊടുക്കുമായിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഒടുക്കേണ്ടതായി വരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് 500 പൗണ്ട് ആയിരിക്കും പിഴ. ഫോണ്‍ ഉപയോഗിച്ചാല്‍ 1000 പൗണ്ട് പിഴയ്ക്കൊപ്പം ലൈസന്‍സില്‍ ആറ് പെനാല്‍റ്റി പോയിന്റുകളും ലഭിക്കും.

എയ്‌കോം എന്ന കമ്പനി നിര്‍മ്മിച്ച എ ഐ ക്യാമറകള്‍ നിരത്തില്‍ സ്ഥാപിച്ച പോസ്റ്റുകളിലും ഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി നാഷണല്‍ ഹൈവേസ് വെളിപ്പെടുത്തിയിട്ടുണ്ട്. 2023- ല്‍ ഡെവണ്‍ ആന്‍ഡ് കോണ്‍വാള്‍ പോലീസ് ഇത്തരത്തില്‍ ഫ്രീസ്റ്റാന്‍ഡിംഗ് എ ഐ റോഡ് സേഫ്റ്റി ക്യാമറ എ 30 ല്‍ ലോന്‍സെസ്റ്റണ് സമീപമായി സ്ഥാപിച്ചിരുന്നു. അന്ന് വെറും മൂന്ന് ദിവസത്തിനുള്ളില്‍ 297 പേരെയാണ് വിവിധ നിയമലംഘനങ്ങള്‍ക്കായി പിടികൂടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.