1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2017

സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഇനി ഒറ്റ ശരീരവും ഒറ്റ മനസും, ഒ. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങളുടെ ലയനത്തിന്റെ ഭാഗമായാണ് ഒപിഎസ് ഉപമുഖ്യമന്ത്രിയായത്. ഉപമുഖ്യമന്ത്രി അടക്കം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ഒപിഎസ് വിഭാഗത്തിന് ലഭിച്ചത്. പനീര്‍സെല്‍വം വിഭാഗത്തില്‍ നിന്നും കെ. പാണ്ഡ്യരാജനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ് ഭാഷാ വകുപ്പാണ് പാണ്ഡ്യരാജിന് ലഭിക്കുന്നത്.

ആറ് മാസത്തെ ഭിന്നിപ്പിനും നാടകങ്ങള്‍ക്കും ശേഷമാണ് പാര്‍ട്ടിയില്‍ വിമത വിഭാഗമായ എഐഎഡിഎംകെ (പുരട്ചി തലൈവി) വിഭാഗവും എഐഎഡിഎംകെ (അമ്മ) വിഭാഗവും ലയിക്കുന്നത്. പാര്‍ട്ടിയില്‍ ഒപിഎസിന് മാര്‍ഗനിര്‍ദ്ദേശക സമിതി ചെയര്‍മാന്‍ സ്ഥാനവും മുഖ്യമന്ത്രി ഇ. പളനിസ്വാമിക്ക് കോര്‍ഡിനേറ്റര്‍ പദവിയും നല്‍കി. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ഒപിഎസ് വിഭാഗത്തില്‍ നിന്നും ഒരാള്‍ക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കും. അതേസമയം ശശികല നടരാജനെ പുറത്താക്കണമെന്ന ഒപിഎസ് പക്ഷത്തിന്റെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ലയന പ്രഖ്യാപനത്തില്‍ ശശികലയെക്കുറിച്ച് പരാമര്‍ശമില്ല.

ലയനത്തിന് ഒപിഎസ് പക്ഷം മുന്നോട്ട് വച്ച വ്യവസ്ഥകളിലൊന്ന് ശശികലയെ പുറത്താക്കണം എന്നതായിരുന്നു. എന്നാല്‍ 18 എംഎല്‍എമാരുടെ പിന്തുണ ശശികലയുടെ ബന്ധു കൂടിയായ ദിനകരനുണ്ട്. സര്‍ക്കാരിനെ താഴെയിറക്കാന്‍ മാത്രം ദിനകരന് സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് ശശികലയ്ക്ക് എതിരെ നടപടി സ്വീകരിക്കാതിരുന്നത്. ജയലളിതയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുക, ജയലളിതയുടെ വസതി സ്മാരകമാക്കുക തുടങ്ങിയവയാണ് പനീര്‍സെല്‍വം വിഭാഗം ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍. ഈ രണ്ട് ആവശ്യങ്ങളും നേരത്തെ അംഗീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.