
സ്വന്തം ലേഖകൻ: അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ യു.എസിനെ സഹായിച്ചത് പാകിസ്താനാണെന്ന അഭ്യൂഹം ശക്തം. സാമ്പത്തികപ്രതിസന്ധികൊണ്ട് പൊറുതിമുട്ടുന്ന പാകിസ്താന്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്.) സഹായം വാങ്ങിയെടുക്കുന്നതിനായി സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.
സവാഹിരി കാലങ്ങളോളം പാകിസ്താനിലെ കറാച്ചിയിലാണ് ഒളിവില്‍ക്കഴിഞ്ഞതെന്നാണ് രഹസ്യാന്വേഷണവിവരങ്ങള്‍. ഇക്കൊല്ലമാണ് അഫ്ഗാനിസ്താനിലേക്കു കടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രാദേശികസമയം ഞായറാഴ്ച രാവിലെയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ വധിച്ചത്.
ദിവസങ്ങള്‍ക്കുമുമ്പ് ഐ.എം.എഫുമായുള്ള ചര്‍ച്ചയ്ക്ക് പാക് സൈനികതലവന്‍ ഖമര്‍ ജാവേദ് ബജ്വ യു.എസിന്റെ സഹായം തേടിയിരുന്നു. അതിനുമുമ്പ് പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ തലവന്‍ ജനറല്‍ നദീം അഞ്ജുമും യു.എസ്. സന്ദര്‍ശിച്ചിരുന്നു. ഈ രണ്ടുസംഭവങ്ങളും സവാഹിരിയുടെ വധത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന വാദത്തിന് ബലംനല്‍കുന്നു.
എന്നാല്‍, ആരോപണം പാകിസ്താന്‍ അനൗദ്യോഗികമായി നിഷേധിച്ചു. സവാഹിരിയുടെ വിവരങ്ങള്‍ ചോര്‍ത്തിയവരെന്ന് സംശയിക്കുന്നവരില്‍ താലിബാന്റെ വിദേശകാര്യമന്ത്രി മുല്ല യാക്കൂബിന്റെ പേരുമുണ്ട്. സവാഹിരിക്ക് കാബൂളില്‍ അഭയമൊരുക്കിയ ഹഖാനിശൃംഖലയുമായി അഭിപ്രായഭിന്നതയിലാണ് മുല്ല യാക്കൂബ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല