
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. ഏപ്രിലിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വാർഷിക പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടിയതും റമസാൻ, ഈദ് എന്നിവ അടുത്തു വരുന്നതും നിരക്ക് വർധനയ്ക്ക് കാരണമായി. ഇനി മധ്യവേനൽ കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്കിന്റെ ഗ്രാഫ് ഉയർന്നു നിൽക്കും.
സീസൺ സമയത്ത് യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വിമാന സർവീസ് ഇല്ലാത്തതും നിരക്ക് ഉയരാൻ കാരണമായി. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആക്കി മാറ്റുന്നതോടെ സീറ്റുകളിൽ ഉണ്ടാകുന്ന കുറവും വിലവർധനയ്ക്ക് കാരണമായെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ മാസം യുഎഇയിൽ നിന്ന് കൊച്ചിയിലേക്ക് ശരാശരി 310 ദിർഹത്തിന് (6900 രൂപ) ടിക്കറ്റ് ലഭിച്ചിരുന്നത് ഇപ്പോൾ 650 ദിർഹത്തിനു (14621 രൂപ) മുകളിലായി. കണ്ണൂരിലേക്കാണെങ്കിൽ 750 ദിർഹമാകും (16871 രൂപ). നാലംഗ കുടുംബത്തിന് കേരളത്തിലേക്കു പോകാൻ മാത്രം ശരാശരി 2600 ദിർഹം (58486 രൂപ). തിരിച്ചുവരാൻ ഇതിന്റെ രണ്ടിരട്ടിയെങ്കിലും കൊടുക്കേണ്ടിവരും.
കൊച്ചിയിൽ നിന്ന് ദുബായിലേക്കു വരാൻ വൺവേക്ക് ശരാശരി 30,000 രൂപയാണ് നിരക്ക്. കഴിഞ്ഞ മാസം ശരാശരി 10,000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നു. നാലംഗ കുടുംബത്തിന് ദുബായിലേക്കു പോകാൻ മാത്രം 1.2 ലക്ഷം രൂപ വരും. തിരിച്ചു നാട്ടിലേക്കു പോകാൻ 1.5 ലക്ഷം രൂപയും വേണ്ടിവരും. യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ അൽപം കുറയുകയും ചെയ്യും.
കോവിഡിനു ശേഷം യാത്ര ചെയ്യാനുള്ള ജനങ്ങളുടെ താൽപര്യം കൂടി. ഇന്ത്യയുമായി ഏറ്റവും അടുത്തുകിടക്കുന്ന പ്രദേശം, വീസ കിട്ടാനുള്ള എളുപ്പം, നാട്ടുകാരുടെ സാന്നിധ്യം എന്നീ ഘടകങ്ങളും യുഎഇയിലേക്ക് സീസൺ ഭേദമന്യെ ഇന്ത്യക്കാർ എത്തുന്നതിനു കാരണമാണ്.
അതേസമയം ഇന്ത്യ-യുഎഇ വിമാന സർവിസ് വർധിപ്പിക്കണമെന്ന യുഎഇയിലെ വിമാനക്കമ്പനികളുടെ ആവശ്യം പരിഗണിക്കാൻ പദ്ധതിയില്ലെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആഴ്ചയിൽ 65,000 സീറ്റുകളാണ് ഇന്ത്യ-യുഎഇ വിമാന സർവിസിലുള്ളത്. 50,000 സീറ്റുകൾകൂടി വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ അഹ്ലി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തെഴുതിയിരുന്നു. കണ്ണൂർ, ഗോവ, അമൃത്സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഭുവനേശ്വർ, ഗുവാഹതി, പുണെ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവിസ് നടത്താനുള്ള സന്നദ്ധതയാണ് യുഎഇ അറിയിച്ചത്. എന്നാൽ, ഈ നീക്കത്തിനെതിരെ ഇന്ത്യൻ വിമാനക്കമ്പനികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
യാത്രാമേഖലക്കു പുറമെ വ്യാപാര മേഖലക്കും ഗുണംചെയ്യുമെന്ന് കത്തിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികളുടെ സമ്മർദത്തിനു വഴങ്ങി കേന്ദ്ര സർക്കാർ ഇത് നിഷേധിക്കുകയായിരുന്നു. എമിറേറ്റ്സ്, ൈഫ്ല ദുബൈ ഉൾപ്പെടെയുള്ളവ കൂടുതൽ സർവിസ് നടത്താൻ ഇപ്പോഴും സന്നദ്ധമാണ്. ഇരുരാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ മേധാവികളുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ ചർച്ച നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേന്ദ്ര സർക്കാറിന്റെ നിലപാട് ഇന്ത്യൻ വ്യോമയാന മേഖലയെ പിന്നോട്ടടിക്കുമെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചു. കൂടുതൽ വിമാന സർവിസുകൾ അനുവദിക്കുക വഴി ഇന്ത്യൻ വിമാനങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാൻ കഴിയും. 35 ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്ന യുഎഇയിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും.
‘സെപ’ പോലുള്ള പങ്കാളിത്ത കരാർ ഇന്ത്യയും യുഎഇയും ഒപ്പുവെച്ച സാഹചര്യത്തിൽ യാത്ര, ചരക്ക് എന്നിവയിൽ വൻ കുതിപ്പാണ് ഉണ്ടാകുന്നത്. ഈ സമയത്ത് വിമാന സർവിസ് വർധിപ്പിക്കുന്നത് എല്ലാ മേഖലക്കും ഗുണംചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. സീസൺ സമയങ്ങളിലെങ്കിലും വിമാന സർവിസ് വർധിപ്പിക്കണമെന്നത് പ്രവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. യുഎഇ വിമാനക്കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ മുഖം തിരിച്ചുനിൽക്കുന്നതാണ് ഇപ്പോൾ കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല