1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് നാമമാത്രമാകുന്നു. നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്കു സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി കുറച്ചു. ഇതോടെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്–കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയത്.

ദുബായ്–കോഴിക്കോട്, ഷാർജ–കോഴിക്കോട്, ദുബായ്–ഗോവ, ദുബായ്–ഇൻഡോർ സെക്ടറുകളിൽ ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുക. കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഏക ഡ്രീംലൈനറും എയർ ഇന്ത്യ ഈ മാസം 10ന് പിൻവലിച്ചിരുന്നു. 18 ബിസിനസ് ക്ലാസ് ഉൾപ്പെടെ 256 പേർക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനറിനു പകരം 12 ബിസിനസ് ക്ലാസ് ഉൾപ്പെടെ 170 പേർക്കുള്ള ചെറിയ വിമാനമാണ് ദുബായ്–കൊച്ചി സെക്ടറിൽ സർവീസ് നടത്തുന്നത്.

കാലക്രമേണ കേരള സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായി ചുരുങ്ങിയേക്കുമെന്ന ആശങ്കയുമുണ്ട്. ഇതേസമയം ഡൽഹി, മുംബൈ തുടങ്ങിയ സെക്ടറുകളിലെ ഡ്രീംലൈനർ നിലനിർത്തുകയും ചെയ്തു. അവധിക്കാലം അടുത്തു വരുന്നതിനാൽ മലയാളികളുടെ സുഗമമായ യാത്രയ്ക്ക് ഇതു ഭംഗം വരുത്തും. എയർ ഇന്ത്യ സേവനം നിലയ്ക്കുന്നതോടെ പ്രവാസികൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളിൽ ചിലതും നഷ്ടമാകും.

ഫുൾ എയർലൈനിൽ ടിക്കറ്റ് മാറ്റാനുള്ള സൗകര്യം, നിരക്കിലെ വ്യത്യാസം, ഭക്ഷണം, കാർഗോ സൗകര്യം എന്നിവയ്ക്കു പുറമേ ബിസിനസ് ക്ലാസ് യാത്രയും ഇല്ലാതാകും. ബിസിനസുകാരും വിദേശ ടൂറിസ്റ്റുകളുമെല്ലാം വിദേശ എയർലൈനുകളെ ആശ്രയിച്ചേക്കും. എയർ ഇന്ത്യയ്ക്കു പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.