1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2024

സ്വന്തം ലേഖകൻ: തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാബിന്‍ ക്രൂ നടത്തിവന്ന സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണഗതിയിലാക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ചയും 75 എയര്‍ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഞായറാഴ്ചയോടെ പ്രവര്‍ത്തനങ്ങള്‍ സാധരണഗതിയിലാക്കാന്‍ കഴിയുമെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എയര്‍ഇന്ത്യ എക്പ്രസ് വാക്താവ് ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല.

വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും മറ്റുമായി കമ്പനിക്ക് 30 കോടി രൂപയോളം ബാധ്യതയുണ്ടായതായും അധികൃതര്‍ അറിയിച്ചു. കാബിന്‍ ക്രൂ അംഗങ്ങള്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിച്ച സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്പ്രസിന് ഇതുവരെയായി 250 ഓളം സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. ശനിയാഴ്ചയും 50 ഓളം സര്‍വീസുകള്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നടക്കുന്ന സമരം വിമാനസര്‍വീസുകളെയാകെ ബാധിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിയില്‍ വ്യാഴാഴ്ച സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹിയിലെ ചീഫ് ലേബര്‍ കമ്മിഷണറുടെ ഓഫീസില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളില്‍ താത്കാലിക ധാരണയായിരുന്നു. പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയ 25 ജീവനക്കാരെയും തിരിച്ചെടുക്കാമെന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്.

കാബിന്‍ ക്രൂ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം പരിശോധിച്ച് പരിഹാരം കാണുമെന്ന് കമ്പനി ഉറപ്പുനല്‍കി. അസുഖ അവധിയെടുത്തിരുന്നവര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയില്‍ പ്രവേശിക്കും. അവധിയില്‍ പോയവര്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.