1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2024

സ്വന്തം ലേഖകൻ: എയർഇന്ത്യ എക്സ്‌പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളിലായിമാത്രം റദ്ദാക്കിയത് നാല്പതോളം സർവീസുകൾ. കൊച്ചി, കോഴിക്കോട്, ഡൽഹി, ബെംഗളൂരു എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്സ്‌പ്രസിനോട് വിശദീകരണം തേടി

വീസകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി. കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെമുതൽ ഒമ്പത് വിമാന സർവീസുകളാണ് റദ്ദാക്കിയത്. അഞ്ഞൂറോളം യാത്രികർ കുടുങ്ങി. പലരും വിശ്രമിക്കാനും ഭക്ഷണത്തിനും സൗകര്യമില്ലാതെ പുറത്തുകാത്തുനിന്ന് വലഞ്ഞു. കരിപ്പൂരിൽ 12 സർവീസുകളാണ് റദ്ദാക്കിയത്. ബോർഡിങ് പാസെടുത്ത് മണിക്കൂറുകൾ സെക്യൂരിറ്റി ലോഞ്ചിൽ കാത്തിരുന്നശേഷമാണ് റദ്ദാക്കിയത് അറിയിച്ചത്.

ഇതോടെ നൂറുകണക്കിന് യാത്രക്കാരുടെ പ്രതിഷേധം പലപ്പോഴും സംഘർഷത്തിന്റെ വക്കോളമെത്തി. ലഘുഭക്ഷണം നൽകാൻ പോലും എയർഇന്ത്യാ എക്സ്‌പ്രസ് അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഏറെനേരത്തെ പ്രതിഷേധത്തിനുശേഷം വീടുകളിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് ഒമ്പത് സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ അഞ്ഞൂറോളംപേരുടെ യാത്ര മുടങ്ങി. ഗൾഫ് മേഖലയിൽനിന്ന് തിരിച്ചുള്ള 11 സർവീസുകളും റദ്ദാക്കി. സമരം മംഗളൂരു വിമാനത്താവളത്തെ ബാധിച്ചില്ല.

ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിൽനിന്ന് ചില സർവീസ് തുടങ്ങി. 1.32-ന് ദുബായിലേക്ക് വിമാനം പുറപ്പെട്ടു. 2.30-ന് ബെംഗളൂരുവിലേക്കുമുള്ള സർവീസും മുടങ്ങിയില്ല. കണ്ണൂരിൽനിന്ന് 2.30-ന് ദുബായിലേക്കുള്ള സർവീസിനും ജിദ്ദയിൽനിന്ന് ഉച്ചയ്ക്ക് കണ്ണൂരിലേക്കുള്ള സർവീസിനും തടസ്സമുണ്ടായില്ല.

കരിപ്പൂരിൽ 12 സർവീസുകൾ റദ്ദാക്കി

വിമാനജീവനക്കാരുടെ മിന്നൽ സമരത്തെത്തുടർന്ന് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ റദ്ദാക്കി. ഇതോടെ യാത്രക്കാർ‌ പെരുവഴിയിലായി. ബുധനാഴ്ച രാവിലെ എട്ടിനും പതിനൊന്നിനും ഇടയിൽ നടത്തേണ്ട 12 സർവീസുകളാണ് റദ്ദാക്കിയത്. യാത്ര അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് നൂറുകണക്കിനു യാത്രക്കാർ ടെർമിനലിനകത്തും വിമാനത്താവളത്തിനു പുറത്തും പ്രതിഷേധിച്ചു.

വിമാനത്താവള ടെർമിനലിനു മുൻപിലെ എയർ ഇന്ത്യ എക്സ്പ്രസ് കൗണ്ടറിനു മുൻപിലുണ്ടായ പ്രതിഷേധം പലപ്പോഴും സംഘർഷത്തിന്റെ വക്കോളമെത്തി. സുരക്ഷാജീവനക്കാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഏറെനേരത്തെ പ്രതിഷേധത്തിനുശേഷം യാത്രക്കാർ വീടുകളിലേക്കു മടങ്ങി. സ്വയം മടങ്ങാൻ തയ്യാറാകാത്തവരെ വിമാനത്താവളത്തിലെ ടാക്സി വാഹനങ്ങളിൽ വീടുകളിലെത്തിച്ചു.

രാവിലെ എട്ടിനുള്ള വിമാനത്തിൽ പോകുന്നതിനായി പുലർച്ചെ അഞ്ചിനുമുൻപേ യാത്രക്കാർ വിമാനത്താവളത്തിലെത്തിയിരുന്നു. ബോർഡിങ് പാസെടുത്ത് മണിക്കൂറുകൾ സെക്യൂരിറ്റി ലോഞ്ചിൽ കാത്തിരുന്നശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്. ഇതോടെ ടെർമിനലിനകത്തും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. ലഘുഭക്ഷണം നൽകാൻപോലും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തയ്യാറായില്ലന്ന് യാത്രക്കാർ പരാതിപ്പെട്ടു.

കരിപ്പൂരിൽനിന്ന് ചൊവ്വാഴ്ച വൈകീട്ട് പുറപ്പെടേണ്ടിയിരുന്ന രണ്ടു വിമാനങ്ങൾ നേരത്തേ റദ്ദാക്കിയിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നായി ഇവിടെ എത്തേണ്ടിയിരുന്ന പത്തു വിമാനങ്ങളും റദ്ദാക്കി. ഇതോടെയാണ് ഇവിടെനിന്ന് തിരിച്ചുള്ള സർവീസുകളും റദ്ദാക്കേണ്ടിവന്നത്. ശമ്പളവർധന ആവശ്യപ്പെട്ടാണ് വിമാനജീവനക്കാർ സമരം നടത്തിയത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ ജീവനക്കാരുടെ സമരം മറ്റു വിമാനസർവീസുകളെ ബാധിക്കാതിരിക്കാൻ കരിപ്പൂരിൽ സംവിധാനം ഒരുക്കിയിരുന്നു. വിമാനങ്ങളുടെ വരവും പോക്കും നിയന്ത്രിച്ച് കൂടുതൽ വിമാനക്കമ്പനികൾക്ക് അവസരം നൽകാനായിരുന്നു ശ്രമം. ഒരേസമയം 12 വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമാണ് കരിപ്പൂരിലുള്ളത്.

സമരംമൂലം അഞ്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് പാർക്കിങ്ങിൽ തുടർന്നിരുന്നത്. ഇത് മറ്റു സർവീസുകളെ ബാധിക്കാതിരിക്കാൻ, താത്കാലികമായി 16 വിമാനങ്ങൾ വരെ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം അധികൃതർ ഒരുക്കി. അഞ്ച് വിമാനങ്ങളിൽ ഒരെണ്ണം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.

എയർഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ വിമാനസർവീസ് നടത്താൻ സാധിക്കാതെവന്നത് ജില്ലയിൽ നൂറുകണക്കിനു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. അവധികഴിഞ്ഞ് ഗൾഫ് നാടുകളിലേക്ക് തിരച്ചുപോകേണ്ടവരും വീസ പുതുക്കാനായി നാട്ടിലെത്തി തിരിച്ചുപോകുന്നവരുമാണ് ഏറെ വലഞ്ഞത്. യാത്രചെയ്യാനായി പലരും കരിപ്പൂർ വിമാനത്താവളത്തിലെത്തിയശേഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പുനൽകിയതെന്നാണ് യാത്രക്കാർ പറയുന്നത്.

മാസങ്ങൾക്ക് മുമ്പുതന്നെ ടിക്കറ്റ്‌ ബുക്കുചെയ്തിട്ടുള്ളവരായിരുന്നു യാത്രചെയ്യാനെത്തിയവരിൽ പലരും. ചൊവ്വാഴ്ച രാത്രിമുതലാണ് ജീവനക്കാർ അവധിയെടുത്തുതുടങ്ങിയത്. കരിപ്പൂർ വിമത്താവളത്തിൽനിന്ന് ബുധനാഴ്ച രാവിലെ പോകേണ്ട റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായി.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കിയത് കൊച്ചിയിൽ യാത്രക്കാരെ വലച്ചു. അടിയന്തരമായി വിദേശത്ത് എത്തേണ്ടവരും ഗൾഫിലേക്ക്‌ പോകുന്നതിനായി ഇതര ജില്ലകളിൽനിന്ന്‌ നെടുമ്പാശ്ശേരിയിലെത്തി മുറിയെടുത്ത് താമസിച്ചവരുമെല്ലാം പ്രതിസന്ധിയിലായി.

വീസ കാലാവധി കഴിയാറായവരും ഉടൻ ജോലിയിൽ പ്രവേശിക്കേണ്ടവരുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. പുലർച്ചെ 2.05-ന് കൊച്ചിയിൽനിന്ന്‌ ഷാർജയിലേക്ക്‌ പുറെപ്പടേണ്ടിയിരുന്ന വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ബോർഡിങ് പാസ് അനുവദിച്ച ശേഷമാണ് വിമാനം റദ്ദാക്കിയതായി അറിയുന്നത്.

വിമാനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമായി അറിയിക്കാതിരുന്നതിനാൽ യാത്രക്കാർ പ്രതിഷേധിച്ചു. ഷാർജ വിമാനത്തിൽ പോകേണ്ടവർ ചൊവ്വാഴ്ച രാത്രി 11-നു മുൻപായി കൊച്ചി വിമാനത്താവളത്തിൽ എത്തിയതാണ്. വിമാനം താമസിയാതെ എത്തുമെന്നു പറഞ്ഞ് ഇവരെ രാവിലെ നാലര വരെ വിമാനത്താവളത്തിലിരുത്തി. തുടർന്നാണ് യാത്രക്കാരിൽ ചിലർ ജീവനക്കാരോട് തട്ടിക്കയറിയത്. സി.ഐ.എസ്.എഫുകാർ ഇടപെട്ടാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കിയത്.

നിരവധി പേർ ലീവ് കഴിഞ്ഞ് ബുധനാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവരായിരുന്നു. വിമാനം റദ്ദാക്കുന്ന വിവരം യഥാസമയം അറിയിച്ചിരുന്നെങ്കിൽ പലർക്കും മറ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ കഴിയുമായിരുന്നു. പലരും മാസങ്ങൾക്കു മുൻപേ ടിക്കറ്റെടുത്തവരാണ്. യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുകയോ മറ്റൊരു ദിവസത്തേയ്ക്ക് യാത്രാനുമതി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ടഅവധിയെടുത്തതുമൂലം സര്‍വീസ് നടത്താന്‍ സാധിക്കാത്തതിനാല്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് മറ്റുള്ള വിമാനക്കമ്പനികളുടേയും ഇരുട്ടടി. വ്യാഴം, വെള്ളി തുടങ്ങിയ തുടങ്ങിയ ദിവസങ്ങളിലേക്കുള്ള ടിക്കറ്റിന് മറ്റുവിമാനക്കമ്പനികള്‍ നിരക്ക് മൂന്നിരട്ടിയോളം ഉയര്‍ത്തി.

16,000 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന ഒരു കമ്പനി എയര്‍ ഇന്ത്യ എക്‌സപ്രസ് വിഷയം വന്നതോടുകൂടി ചൊവ്വാഴ്ച വൈകിട്ട് മുതല്‍ 40,000 രൂപ വരെയാണ് ഉയര്‍ത്തിയത്. അത്യാവശ്യമായി തിരിച്ചെത്തേണ്ടവര്‍ നിവൃത്തിയില്ലാതെ ഈ തുകയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരുമെന്ന് മുക്കം ഗോള്‍ഡന്‍ ട്രാവല്‍സ് ഉടമ ബഷീര്‍ പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാർ വലഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് സർവീസുകൾ മുടങ്ങിയത്. ബുധനാഴ്ച പുലർച്ചെ ഷാർജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. രാവിലെ 9.20-നുള്ള അബുദാബി സർവീസും റദ്ദാക്കി. ഇവിടങ്ങളിൽനിന്ന് തിരികെ കണ്ണൂരിലേക്കുള്ള ബുധനാഴ്ചത്തെ സർവീസും റദ്ദായി.

ഷാർജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇവർ ചെക്ക്ഇൻ ചെയ്യാനായി അർധരാത്രിയോടെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു. സർവീസ് ഉണ്ടാകില്ലെന്ന അറിയിപ്പ് ലഭിച്ചില്ലെന്ന് ഇവർ പറഞ്ഞു. അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരും വീസ കാലാവധി തീരുന്നവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ടിക്കറ്റ് എടുത്തവർക്ക് റീഫണ്ടിങ്ങോ മറ്റൊരു ദിവസത്തേക്കുള്ള ടിക്കറ്റോ നൽകുമെന്ന് വിമാനക്കമ്പനി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് ദുബായിലേക്കും ജിദ്ദയിൽനിന്ന് കണ്ണൂരിലേക്കുമുള്ള സർവീസുകൾക്ക് തടസ്സമുണ്ടായില്ല. എന്നാൽ പിന്നീടുള്ള കുവൈത്ത്, റാസൽഖൈമ, ദോഹ സർവീസുകളും റദ്ദാക്കി. കണ്ണൂരിൽനിന്ന് പുറപ്പെടുന്നതും തിരികെ വരുന്നതുമായ ഒൻപത് സർവീസുകളാണ് റദ്ദാക്കിയത്. 1500-ലധികം പേരുടെ യാത്ര മുടങ്ങി.

വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ റദ്ദായ സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ എയർ ഇന്ത്യ എക്സ്‌പ്രസ് ഓഫീസുമായി ബന്ധപ്പെട്ട ശേഷം വിമാനത്താവളത്തിലേക്ക് വന്നാൽ മതിയെന്ന് കിയാൽ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിൽ വന്ന് സർവീസില്ലെങ്കിൽ മടങ്ങിപ്പോകുന്നത് ഒഴിവാക്കുന്നതിനാണിത്. ഫോൺ എയർ ഇന്ത്യ എക്സ്‌പ്രസ് ടോൾ ഫ്രീ: 080 46662222, 08067662222. എയർഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ വിമാനത്താവളം 0490 2482600.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.