1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2024

സ്വന്തം ലേഖകൻ: ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി. 300-ലധികം മുതിര്‍ന്ന ജീവനക്കാരാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ അസുഖഅവധിയെടുത്തത്. ഇതേത്തുടര്‍ന്ന് 79-ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം. കൂട്ടഅവധിയെടുത്ത ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ അവധിയെടുത്തു തുടങ്ങിയത്. ഇതോടെ വിമാനങ്ങള്‍ വൈകാനും പലതും റദ്ദാക്കാനും തുടങ്ങി. ജീവനക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിടേണ്ടിവരുന്ന അസൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും എയര്‍ഇന്ത്യ വക്താവ് പറഞ്ഞു.

വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കുകയോ ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് രോഷവും നിരാശയും നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എട്ടിന് ശേഷമുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി. റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബെഹ്‌റൈന്‍, കുവൈത്ത് വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.

അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കണ്ണൂരിൽ നിന്നും റദ്ദ് ചെയ്തത്. സമാനമായ രീതിയിൽ തിരുവനന്തപുരത്തുനിന്ന്‌ ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന്‌ യാത്രതിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസും റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്നും പകല്‍ പുറപ്പെടാനുള്ള വിമാന സര്‍വീസുകളും റദ്ദാക്കാന്‍ സാധ്യതയുണ്ട്.

അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാരാണ് വിവിധ വിമാനത്താവളത്തില്‍ കുടുങ്ങിയത്. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ ഇവർ പ്രതിേഷധിച്ചു.

വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാനും ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാനും വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.

വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തിയിരുന്നു. യാത്രക്കാരോട് ക്ഷമചോദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു. അവസാന നിമിഷം കാബിൻ ക്രൂ സിക് ലീവെടുത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും യാത്രക്കാർക്ക് യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.