1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2024

സ്വന്തം ലേഖകൻ: ഇറാൻ – ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.

ന്യൂഡല്‍ഹിക്കും ഇസ്രയേൽ നഗരമായ ടെൽ അവീവിനുമിടയിൽ എയർ ഇന്ത്യ ആഴ്ചയിൽ നാല് വിമാന സര്‍വീസുകളാണ് നടത്തിയിരുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 3 നാണ് ടെൽ അവീവിലേക്കുള്ള സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചത്. ഇസ്രയേൽ – ഹമാസ് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ 7 മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു.

അതിനിടെ, ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാ​ഗ്രത പാലിക്കാനും അധികാരികൾ നൽകിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. അടിയന്തിര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. +972-547520711, +972-543278392 എന്നി നമ്പരുകളിലും cons1.telaviv@mea.gov.in ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിർദേശം നൽകി. ഇറാഖ്, ജോർദാൻ, ലെബനൻ, രാജ്യങ്ങളും ഇസ്രയേലിലേക്കുള്ള വ്യോമ​ഗതാ​ഗതം നിർത്തിവച്ചിട്ടുണ്ട്. ടെൽ അവീവ്, എർബിൽ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഓസ്ട്രിയൻ എയർലൈൻസ് നിർത്തിവച്ചു. എമിറേറ്റ്സ് എയർലൈൻസും ചില വിമാനങ്ങൾ റദ്ദാക്കി. നിരവധി ഇറാനിയൻ ആഭ്യന്തര വിമാനങ്ങളും തിങ്കളാഴ്ച രാവിലെ വരെയുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.