
സ്വന്തം ലേഖകൻ: ദുബൈയിൽനിന്നും ഷാർജയിൽനിന്നുമുള്ള എയർ ഇന്ത്യ കോഴിക്കോട് വിമാനങ്ങൾ നിർത്തലാക്കിയത് രോഗികളെ വലക്കും. ബജറ്റ് എയർലൈനുകളിൽ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രെച്ചർ സൗകര്യം എയർ ഇന്ത്യയിൽ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തലാക്കിയതോടെ കേരളത്തിന്റെ വടക്കൻ മേഖലയിലെ യാത്രക്കാർക്ക് രോഗികളെ എത്തിക്കണമെങ്കിൽ കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കേണ്ടിവരും.
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ ഇല്ലെങ്കിലും എമിറേറ്റ്സ് പോലുള്ള വൻകിട വിമാനക്കമ്പനികൾ സ്ട്രെച്ചർ സൗകര്യം നൽകുന്നുണ്ട്. എന്നാൽ, മൂന്നിരട്ടിയിലേറെ തുക നൽകിയാൽ മാത്രമേ രോഗികളെ ഈ വിമാനങ്ങളിൽ തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയൂ.
വിമാനങ്ങളുടെ ആറോ ഏഴോ സീറ്റ് മാറ്റിവെച്ചാണ് രോഗികളെ കൊണ്ടുപോകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നത്. എയർ ഇന്ത്യ ഒഴികെയുള്ള ഇന്ത്യൻ വിമാനങ്ങളൊന്നും ഈ സൗകര്യം നൽകുന്നില്ല. യു.എ.ഇയിൽ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് പല രോഗികളും നാട്ടിലേക്കു പോകുന്നത്.
സാമൂഹിക പ്രവർത്തകരുടെയും എംബസിയുടെയും കോൺസുലേറ്റിന്റെയുമെല്ലാം സഹായത്താലാണ് ഇവർ നാട്ടിലേക്ക് ടിക്കറ്റെടുക്കുന്നത്. ടിക്കറ്റും സ്ട്രെച്ചർ ചാർജും സഹായിയായ നഴ്സിന്റെ ചാർജുമെല്ലാം അടക്കം വൻതുക ചെലവാകും. കോഴിക്കോട്ടേക്ക് ഈ സൗകര്യം അവസാനിച്ചതോടെ രോഗികളെ കൊച്ചിയിലെത്തിച്ചശേഷം ആംബുലൻസ് മാർഗം സ്വന്തം നാട്ടിലെത്തിക്കേണ്ട അവസ്ഥയായി.
മംഗലാപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും സ്ട്രെച്ചർ സൗകര്യമില്ല. തിരുവനന്തപുരത്തുള്ളവർക്കും കൊച്ചിയിലെത്തിച്ചശേഷം റോഡ് മാർഗം നാട്ടിലേക്ക് കൊണ്ടുപോകേണ്ടിവരും. അല്ലെങ്കിൽ വൻ തുക നൽകി വൻകിട വിമാനങ്ങളിൽ നാട്ടിലെത്തിക്കണം. ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്.
തൊഴിലിടങ്ങളിൽ വീണ് പരിക്കേൽക്കുന്നവരടക്കം നിരവധി തൊഴിലാളികളെയാണ് സ്ട്രെച്ചർ സൗകര്യത്തോടെ ഓരോ മാസവും നാട്ടിലേക്ക് അയക്കുന്നത്. സ്ട്രോക്ക്, ഹൃദയാഘാതം വന്നവരെയും വിമാനമാർഗം നാട്ടിലെത്തിക്കാറുണ്ട്. യു.എ.ഇയിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർ എത്രയും വേഗത്തിൽ നാട്ടിലെത്താനാണ് ശ്രമിക്കുന്നത്. എന്നാൽ, സ്ട്രെച്ചർ സൗകര്യം നിലച്ചതോടെ അധിക ചെലവും കൂടുതൽ യാത്രയും വേണ്ട അവസ്ഥയിലാണ് പ്രവാസികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല