1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2019

സ്വന്തം ലേഖകൻ: വാങ്ങാന്‍ ആളെ കണ്ടെത്തിയില്ലെങ്കിൽ അടുത്ത വർഷം ജൂൺ മാസത്തോടെ എയർ ഇന്ത്യ അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്ന് മുതിർന്ന എയർലൈൻ ഉദ്യോഗസ്ഥന്‍. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ വിമാനക്കമ്പനി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, നിലത്തിറക്കിയ 12 വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് നിക്ഷേപം അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എയര്‍ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഓഹരി വിറ്റഴിക്കലിനുള്ള മാർഗ്ഗങ്ങൾക്കായി സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. അടുത്ത വർഷം ജൂൺ മാസത്തോടെ ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ എയർ ഇന്ത്യക്കും ജെറ്റ് എയർവേസിന്റെ വിധി തന്നെയാകുമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഏപ്രിലില്‍ ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തിയിരുന്നു. സ്വകാര്യവത്കരണ പദ്ധതികൾക്കിടയിൽ ഇനിയും എയര്‍ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ എയര്‍ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ കൈവിടുമെന്നാണ് സൂചന. ചെറിയ സഹായങ്ങളിലൂടെ ഇനി എയര്‍ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല.

2011-12 സാമ്പത്തിക വർഷം മുതൽ ഈ വർഷം ഡിസംബർ വരെ എയര്‍ഇന്ത്യയില്‍ 30,520.21 കോടി രൂപ നിക്ഷേപിച്ചതായാണ് സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 ല്‍ യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതി പ്രകാരം 10 വർഷത്തെ കാലയളവിൽ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ഇന്ത്യയില്‍ എത്തിക്കാനായിരുന്നു ധാരണ. സര്‍വീസുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്കായി 2400 കോടി രൂപയുടെ പരമാധികാര ഗ്യാരണ്ടി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുവദിച്ചത് 500 കോടി മാത്രമായിരുന്നു.

നിലവിൽ ഒരുവിധത്തില്‍ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ പരമാവധി 2020 ജൂൺ വരെയെ ഈ അവസ്ഥയില്‍ പോകാന്‍ കഴിയൂ. അപ്പോഴേക്കും നിക്ഷേപത്തിന് ആളെ കണ്ടെത്തിയില്ലെങ്കില്‍ എയര്‍ഇന്ത്യ അടയ്‌ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2018-19 ൽ മാത്രം എയർ ഇന്ത്യയുടെ നഷ്ടം 8,556.35 കോടി രൂപയാണ്.

കടുത്ത പ്രതിസന്ധിയിലൂടെയാണ് എയര്‍ ഇന്ത്യ കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ വിമാനങ്ങളുടെ എന്‍ജിന്‍ മാറ്റാന്‍ പോലും കഴിയില്ല. എട്ടോളം വിമാനങ്ങളുടെ എന്‍ജിനാണ് കാലാവധി കഴിഞ്ഞ് മാറ്റാനിരിക്കുന്നത്. ഇതിനായി മാത്രം 1500 കോടി രൂപ വേണം. എന്‍ജിന്‍ കാലാവധി കഴിഞ്ഞതോടെ 12 ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്താതിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.