
സ്വന്തം ലേഖകൻ: കണ്ണൂരിൽനിന്ന് ദോഹയിലേക്കുള്ള യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച രാത്രി 7.40ന് കണ്ണൂരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 773 വിമാനം മണിക്കൂറുകൾ വൈകി ഞായറാഴ്ച രാവിലെ 6.30നായിരുന്നു പറന്നുയർന്നത്. വിമാനം വൈകി, പുലർച്ച രണ്ടു മണിയോടുകൂടി മാത്രമേ പുറപ്പെടൂവെന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചിരുന്നെങ്കിലും പിന്നെയും വൈകി വിമാനം ഞായറാഴ്ച രാവിലെയാണ് പറന്നത്. രാത്രി 9.20ന് ദോഹയിൽ എത്തേണ്ട വിമാനം ഇവിടെ എത്തിയത് രാവിലെ 8.10ഓടെയും.
മഴകാരണം റോഡിൽ യാത്രാതടസ്സങ്ങൾ ഉണ്ടാവേണ്ടെന്ന് കരുതി നേരത്തേ വിമാനത്താവളത്തിലെത്തിയവർ മണിക്കൂറുകൾ കാത്തിരുന്ന് മുഷിഞ്ഞു. മധ്യവേനലവധി കഴിഞ്ഞ് വരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് ഇതുമൂലം പ്രയാസപ്പെട്ടത്. ശനിയാഴ്ച രാത്രി ദോഹയിലെത്തി ഞായറാഴ്ച ജോലിയിൽ പ്രവേശിക്കാൻ പദ്ധതിയിട്ടവർക്കും തിരിച്ചടിയായി.
വിമാനം നിശ്ചയിച്ച 7.40ൽനിന്നും വൈകി രണ്ടു മണിക്ക് പറക്കും എന്ന അറിയിപ്പ് ലഭിച്ചതിനാൽ മറ്റു തടസ്സം ഉണ്ടാവില്ല എന്ന് കരുതിയാണ് പലരും നേരത്തേ തന്നെ യാത്രക്കായി കണ്ണൂരിൽ എത്തിയത്. എന്നാൽ, നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായ ശേഷമാണ് വീണ്ടും വൈകിയത്.
ദോഹയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് താളം തെറ്റിയിട്ട് കുറച്ചുകാലമായി എന്നാണ് യാത്രക്കാരുടെ ആക്ഷേപം. കഴിഞ്ഞയാഴ്ച ദോഹയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഒരു ദിവസത്തിലേറെ വൈകിയാണ് യാത്ര തിരിച്ചത്. ദോഹയിൽ എത്താൻ വൈകിയതു കാരണം, ശനിയാഴ്ച രാത്രി പുറപ്പെടേണ്ട ദോഹ-കണ്ണൂർ വിമാനവും വൈകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല