1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2023

സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും പതിവാകുന്നു. ഇക്കഴിഞ്ഞ വ്യാഴ്ച ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ നിന്നും ഡൽഹിക്ക് ഉച്ചക്ക് 1.15 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ നമ്പർ: 112 ഫ്‌ളൈറ്റ് മണിക്കൂറുകളോളം വൈകുമെന്ന അറിയിപ്പിന് ശേഷം റദ്ദാക്കേണ്ടി വന്നു. കേരളത്തിലേക്ക് ഉൾപ്പടെ കണക്ഷൻ ഫ്‌ളൈറ്റുകളിൽ യാത്രക്കാരിൽ പലരും ഇപ്പോഴും ലണ്ടനിൽ തുടരുകയാണ്.

പലർക്കും ഇന്നും നാളെയുമായി ഗാട്വിക് എയർപോർട്ടിൽ നിന്നും യാത്ര ചെയ്യാനുള്ള പകരം ടിക്കറ്റുകളാണ് ലഭിച്ചത്. മലയാളികൾ ഉൾപ്പടെയുള്ള യാത്രക്കാരിൽ ചിലർ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് എയർവേയ്സിന്റ നമ്പർ: 139 ഫ്‌ളൈറ്റിൽ മുംബൈ വഴി നാട്ടിലേക്ക് പുറപ്പെട്ടു. മിക്ക ഇടങ്ങളിലും എയർ ഇന്ത്യ വൈകുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

യുകെയിൽ ഇപ്പോൾ സ്കൂൾ അവധിയായതിനാൽ മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്. ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്ത ശേഷം സമയത്തിന് നാട്ടിൽ എത്താൻ കഴിയാത്തതിന്റെ വിഷമത്തിലാണ് പലരും. മാസങ്ങൾ മാത്രം പ്രായമുള്ള കൈകുഞ്ഞുങ്ങളുമായാണ് പലരും യാത്രയ്ക്കായി എത്തുന്നത്. ലഗേജുകൾ മുഴുവൻ കൈമാറിയ ശേഷം ബോർഡിങ്‌ ടൈമിലാണ് ഫ്‌ളൈറ്റ് വൈകിയതായും വളരെ വൈകി റദ്ദാക്കിയതായും നൽകുന്നത്.

എയർ ഇന്ത്യ അധികൃതരിൽ നിന്നും ശരിയായ ആശയ വിനിമയം പോലും യാത്രക്കാരിൽ പലർക്കും ലഭ്യമായിരുന്നില്ല. ഇതേ തുടർന്നു എയർപോർട്ടിൽ ബഹളം വെച്ച യാത്രക്കാർക്ക് നേരെ ഒരു ഘട്ടത്തിൽ ബ്രിട്ടിഷ് പൊലീസിന് പോലും ഇടപെടേണ്ടി വന്നു. ഫ്‌ളൈറ്റ് റദ്ദായതിനെ തുടർന്ന് ഹീത്രൂ എയർപോർട്ടിൽ ചെന്ന് ബഹളം വെച്ചവർക്ക് ഉടനടി മറ്റ് ഫ്‌ളൈറ്റുകളിലേക്ക് ടിക്കറ്റുകൾ പുനഃക്രമീകരിച്ചു നൽകി. അല്ലാത്തവർക്ക് ഇന്നും നാളെയുമായി എയർ ഇന്ത്യയുടെ തന്നെ ടിക്കറ്റുകൾ ആണ് നൽകിയിട്ടുള്ളത്. എന്നാൽ ഇവരിൽ ഭൂരിഭാഗവും ഹീത്രൂവിൽ നിന്നും ഒരു മണിക്കൂറോളം സഞ്ചരിച്ച് ഗാട്വിക്കിൽ നിന്നും യാത്ര ആരംഭിക്കേണ്ട അവസ്ഥയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.