
സ്വന്തം ലേഖകൻ: എയർ ഇന്ത്യയുടെ ലണ്ടൻ-കൊച്ചി ഡയറക്ട് വിമാന സർവീസ് തിരിച്ചുകിട്ടി. ഹീത്രൂവിനു പകരം ലണ്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാട്ട്വിക്കിൽ നിന്നാകും ഇനി കൊച്ചിയിലേക്കുള്ള ഡയറക്ട് വിമാന സർവീസ്. ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ്. കൊച്ചിക്കു പുറമേ അമൃത്സർ, അഹമ്മദാബാദ്, ഗോവ എന്നിവടങ്ങളിലേക്കുണ്ടായിരുന്ന ഡയറക്ട് സർവീസുകളും ഗാട്ട്വിക്കിൽ നിന്നാക്കി മാറ്റിയിട്ടുണ്ട്.
തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രാദേശിക സമയം 20:22നാണ് ഗാട്ട്വിക്കിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പ്രാദേശിക സമയം 11.55നാണ് കൊച്ചിയിൽ നിന്നും ഗാട്ട്വിക്കിലേക്കുള്ള വിമാനം. ഈ വർഷം മാർച്ച് 26 മുതലാണ് പുതിയ റൂട്ടും സമയവും നിലവിൽ വരികയെന്നും എയർ ഇന്ത്യ അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഇതിനു പുറമേ ഹീത്രൂവിൽ നിന്നു ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിൽ വർധന വരുത്താനും എയർ ഇന്ത്യ തീരുമാനിച്ചു. ഡൽഹിയിലേക്ക് മൂന്നും മുംബൈയിലേക്ക് രണ്ടും സർവീസുകൾ അധികമായി തുടങ്ങും. കൊച്ചിയിലേക്കുള്ളതുൾപ്പെടെ 12 സർവീസുകളാണ് ഗാട്ട്വിക്കിൽ നിന്നു പുതുതായി ആരംഭിക്കുന്നത്. ഹീത്രുവിൽ നിന്നു പുതുതായി ആരംഭിക്കുന്നത് അഞ്ചു സർവീസുകളും.
ഏതാനും ആഴ്ചകൾ മുമ്പാണ് പൊടുന്നനെ എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി സർവീസ് ബുക്കിംങ് സൈറ്റുകളിൽനിന്നും അപ്രത്യക്ഷമായത്. മാർച്ചിനു ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര ഡൽഹി, മുബൈ വഴി റീഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ ഡയറക്ട് ഫ്ലൈറ്റ് സമ്മർ ഷെഡ്യൂളിൽ നിന്ന് അപ്രത്യക്ഷമായതിനെക്കുറിച്ച് അന്വേഷിക്കാമെന്ന് എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നേരത്തെ ഉറപ്പു നൽകിയിരുന്നു.
ഏപ്രിൽ മുതൽ ബുക്കിങ് സൈറ്റുകളിൽ നിന്ന് ഈ സർവീസ് അപ്രത്യക്ഷമായ കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണ് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം അന്വേഷിക്കാമെന്നും കൂടുതൽ സർവീസ് അനുവദിക്കണമെന്ന ആവശ്യം നെറ്റ്വർക്ക് പ്ലാനിംങ് ടീമുമായി ചർച്ചചെയ്യാമെന്നും അദ്ദേഹം അറിയിച്ചിരുന്നത്.
കോവിഡ് കാലത്ത് രാജ്യാന്തര വിമാനസർവീസുകൾ ഒന്നടങ്കം നിലച്ചപ്പോൾ ബ്രിട്ടനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ വിവിധ നഗരങ്ങളിലേക്ക് ‘’വന്ദേ ഭാരത്’’എന്ന പേരിൽ ഡയറക്ട് സർവീസ് തുടങ്ങിയത്. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, കൊച്ചി, ബാംഗ്ലൂർ ഗോവ, അമൃത്സർ തുടങ്ങിയ ചുരുക്കം നഗരങ്ങളിലേക്കായിരുന്നു ഈ ഡയറക്ട് സർവീസ്. ഇതാണ് പിന്നീടു കോവിഡിനു ശേഷം കൊച്ചിയിലേക്കുള്ള റഗുലർ ഷെഡ്യൂളായി നിലനിർത്തിയത്.
ആഴ്ചയിൽ ഒരു സർവീസ് എന്നത് പിന്നീട് രണ്ടായും ഒടുവിൽ മൂന്നായും ഉയർത്തി. പത്തു മണിക്കൂറിനുള്ളിൽ ഒറ്റപ്പറക്കലിനു നാട്ടിലെത്താവുന്ന ഈ സൗകര്യം ബ്രിട്ടനിലെ മലയാളികൾ രണ്ടുകൈയും നീട്ടിയാണു സ്വീകരിച്ചത്. എമറേറ്റ്സിനെ പോലും പിന്നിലാക്കി മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ചോയ്സായി ലണ്ടൻ- കൊച്ചി എയർ ഇന്ത്യ സർവീസ് മാറി.
ഗ്രൗണ്ട് ഹാൻഡിലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ ഉളവുകൾ നൽകിയും വിമാനജോലിക്കാർക്ക് താമസിക്കാൻ എയർപോർട്ടിനടുത്ത് സൗകര്യം ഒരുക്കിയും മറ്റുമായിരുന്നു കൊച്ചി വിമാനത്താവള അധികൃതർ ഈ ഡയറക്ട് സർസീസിനെ പ്രോൽസാഹിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല