1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2023

സ്വന്തം ലേഖകൻ: ശ്രദ്ധക്കുറവിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നേപ്പാളിലെ ത്രിഭുവന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കണ്‍ട്രോളര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം.

വിമാനങ്ങള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ വ്യോമഗതാഗതം നിയന്ത്രിച്ചതിനാണ് നടപടി. എയര്‍ ഇന്ത്യയുടേയും നേപ്പാള്‍ എയര്‍ ലൈന്‍സിന്റേയും വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം. കാഠ്മണ്ഡുവില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപുരിലേക്ക് പോവുകയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനവും ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവില്‍ പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവുമാണ് അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നത്.

എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് താഴേക്കിറങ്ങുകയും നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയുമായിരുന്നു. ഇരുവിമാനങ്ങളും അടുത്തടുത്താണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 7,000 അടി ഉയരത്തിലേക്ക് തിരിച്ചിറക്കിയാണ് കൂട്ടിയിടി ഒഴിവാക്കിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാളിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. സംഭവം നടന്ന സമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന മൂന്ന് ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.