1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2023

സ്വന്തം ലേഖകൻ: വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി ഇന്നു മുതൽ എയർ ഇന്ത്യ സർവീസുകൾ കൊച്ചിയിലേക്കു മാത്രമാകും. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട്ടേക്കുണ്ടായിരുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇന്നു മുതൽ സർവീസ് നടത്തില്ല. ഈ സെക്ടറിലേക്ക് ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്തവർ ഫ്ലൈറ്റ് മാറ്റം സംബന്ധിച്ച് കമ്പനിയുടെ അറിയിപ്പ് ശ്രദ്ധിക്കണമെന്നു അധികൃതർ അറിയിച്ചു.

വിമാനം പുറപ്പെടുന്ന സമയം മുൻകൂട്ടി ഉറപ്പു വരുത്തണം. പിഎൻആർ നമ്പരിൽ നൽകിയിട്ടുള്ള പേരും ഫോൺ നമ്പരും കൃത്യമാണെന്നും യാത്രക്കാർ ഉറപ്പാക്കണം. ടിക്കറ്റിനായി നൽകിയിരിക്കുന്ന ഫോൺ നമ്പരിലും ഇമെയിലിലുമാകും അറിയിപ്പുകൾ ലഭിക്കുക. ആഴ്ചയിൽ 21 സർവീസ് ഉണ്ടായിരുന്ന എയർ ഇന്ത്യയ്ക്ക് ഇനി മുതൽ കൊച്ചിയിലേക്കുള്ള 7 സർവീസ് മാത്രമായിരിക്കും ഉണ്ടാവുക.

ദുബായ്–കോഴിക്കോട്, ഷാർജ–കോഴിക്കോട്, ദുബായ്–ഗോവ, ദുബായ്–ഇൻഡോർ സെക്ടറുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. കൊച്ചിയിലേക്കു സർവീസ് നടത്തിയിരുന്ന ഏക ഡ്രീംലൈനറും ഈ മാസം 10ന് എയർ ഇന്ത്യ പിൻവലിച്ചിരുന്നു. 18 ബിസിനസ് ക്ലാസ് ഉൾപ്പെടെ 256 പേർക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനറിനു പകരം 12 ബിസിനസ് ക്ലാസ് ഉൾപ്പെടെ 170 പേർക്കുള്ള ചെറിയ വിമാനമാണ് പകരമുള്ളത്.

ഡൽഹി, മുംബൈ തുടങ്ങിയ സെക്ടറുകളിലെ ഡ്രീംലൈനർ നിലനിർത്തുകയും ചെയ്തു. കേരളത്തിലേക്കുള്ള എയർ ഇന്ത്യ, എക്സ്പ്രസ് വിമാനങ്ങളുടെ സമയത്തിൽ വ്യാപക മാറ്റമുണ്ട്. ഒക്ടോബർ വരെ ഈ സമയ മാറ്റം നിലനിൽക്കുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. പുതിയ സമയ ക്രമവും വിമാനങ്ങളും എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള ചില വിമാനങ്ങൾ റദ്ദാക്കുകയോ സമയമാറ്റം വരുത്തുകയോ ചെയ്തതിനാൽ ഓരോ യാത്രയ്ക്കു മുൻപും വിമാന സമയം വെബ്സൈറ്റിൽ നോക്കി ഉറപ്പു വരുത്തണമെന്നും ട്രാവൽ ഏജൻസികൾ നിർദേശിക്കുന്നു. റദ്ദാക്കി എയർ ഇന്ത്യ വിമാനങ്ങൾക്കു പകരം എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തിയിരുന്ന മുംബൈ, ഡൽഹി റൂട്ടിൽ എയർ ഇന്ത്യ പകരം സർവീസ് നടത്തും.

വേനൽക്കാല, ശീതകാല ഷെഡ്യൂളിലാണ് ലോകമെമ്പാടുമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നത്. വേനൽക്കാല സർവീസുകൾ മാർച്ചിലെ അവസാന ഞായർ മുതൽ ഒക്ടോബറിലെ അവസാന ശനിവരെയാണെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അറിയിച്ചു. ഈ ഷെഡ്യൂൾ പ്രകാരം വിമാന കമ്പനികൾ ചില സർവീസുകൾ അവസാനിപ്പിക്കുകയോ തുടങ്ങുകയോ ചെയ്യും. സമയ ക്രമത്തിലും മാറ്റം വരും.

AI 997, AI 998, AI 937, AI 903, AI 904, AI 994, IX 247, IX 248, IX 141, IX 142 വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ അതാതു വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് റീബുക്കിങ് ചെയ്യണമെന്നും സമയത്തിലെ വ്യത്യാസം മനസ്സിലാക്കണമെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.