
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്ത്. ഈ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള അരഡസനോളം യൂണിയനുകള്‍ കത്തെഴുതി.
വിറ്റഴിക്കുന്നതിനു പകരം എല്‍ ആന്‍ഡ് ടി, ഐ.ടി.സി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ.സി.പി.എ), ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍, ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് എന്നിവയാണു കത്തെഴുതിയ യൂണിയനുകള്‍.
“മൂന്നുവര്‍ഷമായി എയര്‍ ഇന്ത്യ പ്രവര്‍ത്തനലാഭം റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ഷിക സേവനം നാലായിരം കോടി രൂപയില്‍ അധികമായതിനാല്‍ വായ്പകള്‍ നല്‍കുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. വായ്പകള്‍ എഴുതിത്തള്ളുന്നതു പരിഗണിക്കണം. ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റ് നടത്തുന്ന എയര്‍ലൈന്‍ ഉണ്ടായിരിക്കണം. ഒരുകാലത്ത് ‘രത്‌നം’ ആയി കാണപ്പെട്ടിരുന്ന എയര്‍ ഇന്ത്യ വില്‍ക്കുന്നതു പൊതുജനങ്ങള്‍ക്കു വേദനയുണ്ടാക്കും. അതു രാജ്യത്തിന്റെ അഭിമാനത്തിനു പ്രഹരമാകും,” കത്തില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി.എസ് ഖരോല, എയര്‍ ഇന്ത്യ സി.എം.ഡി അശ്വനി ലൊഹാനി എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയിലെ മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. വിറ്റഴിക്കാനുള്ള സമയപരിധി 2020 മാര്‍ച്ച് 31 വരെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല