സ്വന്തം ലേഖകന്‍: എഴുതിയത് Bombay, വായിച്ചാലോ Bomb! ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവള അധികൃതരെ തീതീറ്റിച്ച് ഒരു യാത്രക്കാരി. കറുത്തനിറത്തിലുള്ള ബാഗിനു പുറത്തെ കുറിപ്പാണ് അധികൃതരേയും യാത്രക്കാരേയും ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു ആ ബാഗിനു പുറത്ത് എഴുതിയിരുന്നത്. അതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സംഘം വിമാനത്താവളത്തിലെത്തി.
എന്നാല്‍ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇന്ത്യയില്‍നിന്നെത്തിയ ഒരു മുത്തശ്ശി തന്റെ ബാഗില്‍ ബോംബെ എന്ന് എഴുതിയപ്പോഴുണ്ടായ അക്ഷരപ്പിഴവാണ് വിനയായത്. ബോംബെ (bombay)എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്ഥലം തികയാതെ വന്നു. അതോടെ അവസാനത്തെ രണ്ടക്ഷരം ചുരുക്കി ബോംബ് എന്ന് എഴുതുകയായിരുന്നു. അതോടെ ബോംബെ, ബോംബായി മാറി.
ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗിനു പുറത്താണ് ഈ കുറിപ്പുണ്ടായിരുന്നത്. പത്തു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മകള്‍ ദേവി ജ്യോതിരാജിന്റെ അടുത്തേക്കായിരുന്നു വെങ്കട ലക്ഷ്മിയുടെ യാത്ര. മകള്‍ക്കും കുടുംബത്തോടുമൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വെങ്കടലക്ഷ്മി ഓസ്‌ട്രേലിയയില്‍ എത്തിയത്.
അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ ലക്ഷ്മിയെ ഓസ്‌ട്രേലിയന്‍ പോലീസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല