1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2016

സ്വന്തം ലേഖകന്‍: പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്യാതനായി. 61 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

ഏറെക്കാലം അധ്യാപകനായിരുന്ന അക്ബര്‍ കക്കട്ടില്‍ പ്രശ്‌സ്തമായ നിരവധി അധ്യാപക കഥകളും എഴുതിയിട്ടുണ്ട്. കക്കട്ടിലില്‍ പി. അബ്ദുല്ലയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി 1954 ജൂലൈ 7 ന് ജനിച്ച അക്ബര്‍ പിന്നീട് കുട്ടികളുടെ പ്രിയ അധ്യാപകനായും അക്ബര്‍ കക്കട്ടില്‍ എന്ന എഴുത്തുകാരനായും വളര്‍ന്നു.

54 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ ഡയറി എന്ന ഉപന്യാസ സമാഹരത്തിനും വടക്കുനിന്നൊരു കുടുംബവൃത്താന്തം എന്ന നോവലിനും കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. 98 ല്‍ സ്‌ത്രൈണം എന്ന നോവലിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, 2000 ത്തില്‍ മികച്ച കഥാകൃത്തിനുള്ള ടെലിവിഷന്‍ അവാര്‍ഡ്, 92 ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫെലോഷിപ്പ് എന്നിവയു ലഭിച്ചിട്ടുണ്ട്.

നാഷനല്‍ ബുക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും മലയാളം ഉപദേശസമിതികള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ മാസികയായ അക്ഷരകൈരളി പത്രാധിപ സമിതി, കേന്ദ്രഗവണ്‍മെന്റിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിന് (എന്‍.ഐ.ഒ.എസ്) കരിക്കുലം കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.

കേരള സാഹിത്യഅക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍, കോഴിക്കോട് മലയാളം പബ്‌ളിക്കേഷന്‍സ്, ഒലീവ് പബ്‌ളിക്കേഷന്‍സ് എന്നിവയുടെ ഓണററി എഡിറ്ററുമായിട്ടുണ്ട്. നാദാപുരം, ശ്രീപ്രിയയുടെ ആധികള്‍, അധ്യാപക കഥകള്‍, ഈവഴി വന്നവര്‍, ഒരു വായനക്കാരിയുടെ ആവലാതികള്‍, സ്‌കൂള്‍ ഡയറി, അധ്യയനയാത്ര, പാഠം മുപ്പത് അധ്യാപക കഥകള്‍, ആറാം കാലം, സര്‍ഗസമീക്ഷ, അനുഭവം ഓര്‍മ യാത്ര, വരു അടൂരിലേക്ക് പോകാം, വീടിന് തീ പിടിക്കുന്നു, ആകാശത്തിന്റെ അതിരുകള്‍, 2011ലെ ആണ്‍കുട്ടി, മേധാശ്വം, മൃത്യുയോഗം, രണ്ടും രണ്ട്, പാഠം മുപ്പത്, മൈാലഞ്ചിക്കാറ്റ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

വി ജമീലയാണ് ഭാര്യ. സിതാര, സുഹാന എന്നിവര്‍ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.