1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2022

സ്വന്തം ലേഖകൻ: എ.കെ.ജി സെന്റര്‍ പടക്കമേറ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ പിടിയിൽ. സംഭവത്തിനു പിന്നിൽ ജിതിനാണെന്നു ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചത് കാറിൽനിന്ന്. ജൂൺ 30ന് രാത്രി 11.25ന് എകെജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചുവപ്പു നിറത്തിലുള്ള ഡിയോ സ്കൂട്ടറിൽ ജിതിൻ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതു മനസിലായത്.

കെഎസ്ഇബിയുടെ ബോർഡ് സ്ഥാപിച്ച കാറിനടുത്തേക്ക് സ്കൂട്ടർ വരുന്നതും പിന്നീട് കാറിനു പിന്നാലെ ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ചു മുന്നോട്ടുപോയശേഷം ജിതിൻ സ്കൂട്ടർനിർത്തി കാറിലേക്ക് കയറി ഓടിച്ചു പോയി. ജിതിൻ വന്ന സ്കൂട്ടർ കാറിലുണ്ടായിരുന്ന ആളാണ് കൊണ്ടുപോയത്. കാറിന്റെ ഉടമസ്ഥനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ജിതിന്റെ പേരിലാണ് കാറെന്നു മനസിലായി. കെഎസ്ഇബി കഴക്കൂട്ടം അസി.എക്സിക്യൂട്ടിവ് എൻജിനീയർക്കായി ഓടുന്ന ടാക്സി കാറായിരുന്നു. അസി.എക്സിക്യൂട്ടിവ് എൻജിനീയറുമായി സംസാരിച്ചപ്പോൾ വൈകുന്നേരം വരെ കാർ ഉപയോഗിച്ചതായും വാടകയ്ക്കാണ് കാർ എടുത്തിരിക്കുന്നതെന്നും മനസിലായി.

കഴക്കൂട്ടംവരെ കാറിന്റെ ഡിക്കി തുറന്ന നിലയിലായിരുന്നു. സ്ഫോടക വസ്തു എടുക്കാനായി തുറന്നശേഷം അടയ്ക്കാന്‍ മറന്നതാകാമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. തുടർന്ന്, ജിതിനെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ജിതിന്റെ മൊബൈൽ ഫോണും പരിശോധനയ്ക്കായി പിടിച്ചെടുത്തു. രേഖകൾ പലതും നശിപ്പിച്ച നിലയിലാണ് ഫോൺ ഹാജരാക്കിയത്. ഇതും സംശയത്തിനിടയാക്കിയതായി ക്രൈംബ്രാഞ്ച് പറയുന്നു. രേഖകള്‍ നശിപ്പിച്ചിട്ടുണ്ടോ എന്നു വ്യക്തമാകാൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. ഇതോടൊപ്പം സിസിടിവി ദൃശ്യങ്ങൾ സ്വകാര്യ ലാബിൽ പരിശോധനയ്ക്കു വിധേയമാക്കി.

ജിതിൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒരു പ്രത്യേക ബ്രാൻഡിന്റേതാണെന്നു പരിശോധനയിൽ മനസിലായതായി ക്രൈംബ്രാഞ്ച് പറയുന്നു. വസ്ത്രങ്ങൾ വിറ്റ ഷോപ്പിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. 12 ടീ ഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിനാണെന്നു വ്യക്തമായി. തുടർന്ന് ഇന്നു രാവിലെ 9 മണിയോടെ മൺവിളയിലെ വീട്ടിൽനിന്ന് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആക്രമ സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഒരാൾക്ക് മാത്രമായി സംഭവം ആസൂത്രണം ചെയ്യാനാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെ കണ്ടെത്തിയതു സംബന്ധിച്ച് ക്രൈംബ്രാഞ്ചിൽനിന്നും വൈകുന്നേരത്തോടെ വിശദീകരണം ഉണ്ടാകും. ജിതിനു എവിടെനിന്നാണ് സ്ഫോടക വസ്തു ലഭിച്ചത്, എവിടെ വച്ചാണ് പടക്കം നിർമിച്ചത്, സഞ്ചരിച്ച സ്കൂട്ടർ എവിടെയാണ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകാനുണ്ട്. വൈകിട്ടോടെ ജിതിന്റ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.