1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2017

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടാകാമെന്ന വെളിപ്പെടുത്തലുമായി യുഎസ് സൈനിക കമാന്‍ഡര്‍. സിറിയയില്‍ ഐഎസിനെതിരെ പോരാടുന്ന സഖ്യസേനാ കമാന്‍ഡര്‍ ജനറല്‍ സ്റ്റീഫന്‍ ടൗന്‍സെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ ഈ രാജ്യങ്ങളുടെ അതിര്‍ത്തിയിലെ വിദൂര ഗ്രാമങ്ങളില്‍ ബാഗ്ദാദി ഒളിക്കുകയായിരുന്നെന്നാണു ടൗന്‍സെന്റിന്റെ നിഗമനം.

അല്‍ ബാഗ്ദാദിയുടെ തലയ്ക്ക് യുഎസ് 20 മില്യണ്‍ പൗണ്ട് (164,25,79,625.00 കോടി രൂപ) വിലയിട്ടിരുന്നു. നേരത്തെ, സിറിയന്‍ സര്‍ക്കാരിന്റെ ടിവി ചാനലാണ് അല്‍ ബാഗ്ദാദി സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവിട്ടത്. സിറിയയിലെ റാഖാ നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ട്. മൊസൂളിനു പുറത്തുള്ള മരുഭൂമിയിലാണ് ബാഗ്ദാദി കഴിഞ്ഞിരുന്നതെന്നാണ് നിഗമനം.

അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിറിയന്‍ സര്‍ക്കാരിന്റെ ടിവി ചാനലുകള്‍ മുന്പ് റിപ്പോര്‍ട്ട് ചെയ്തത് സത്യമാണെന്നും ബാഗ്ദാദിയുടെ പിന്‍ഗാമിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് ഐഎസ് വ്യക്തമാക്കിയതായും വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ഭീകരരില്‍നിന്ന് മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചത്.

എന്നാല്‍ അല്‍ ബാഗ്ദാദി മരിച്ചുവെന്ന വാര്‍ത്തകള്‍ മുന്പു പലതവണ പ്രചരിച്ചിട്ടുള്ളതിനാല്‍ കരുതലോടെയാണു ലോകരാജ്യങ്ങളുടെ പ്രതികരിച്ചത്. അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിനു സ്ഥിരീകരണമില്ലെന്ന് പെന്റഗണ്‍ പ്രതികരിച്ചു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും സംഭവം സ്ഥിരീകരിക്കുംവരെ അദ്ദേഹം ജീവിച്ചിരിക്കുന്നതായാണ് അനുമാനിക്കുകയെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.