
സ്വന്തം ലേഖകൻ: അബുദാബിയിലെ ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, പ്രദർശന ഹാളുകൾ തുടങ്ങി പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻ പാസ് അനുമതി നിലവിൽ വന്നു. അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കാത്ത ഒട്ടേറെ പേരെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ മടക്കി അയച്ചു. കോവിഡ് വാക്സീൻ, പിസിആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് ലഭിക്കുക.
സ്വദേശികൾക്കും വിദേശികൾക്കും ഇതര എമിറേറ്റിൽനിന്ന് അബുദാബിയിൽ എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഇത് നിർബന്ധം. 16 വയസ്സിൽ താഴെയുള്ളവർക്ക് ഇളവുണ്ട്. 2 ഡോസ് വാക്സീൻ എടുത്തവർക്ക് പിസിആർ ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ അൽഹൊസൻ ആപ്പിൽ 30 ദിവസത്തേക്ക് ഗ്രീൻപാസ് തെളിയും.
വാക്സീൻ എടുക്കാത്തവർ പിസിആർ നെഗറ്റീവാണെങ്കിൽ 7 ദിവസത്തേക്ക് ഗ്രീൻ പാസ് ലഭിക്കും. സിനോഫാം 2 ഡോസ് വാക്സീൻ എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുത്താലേ ഗ്രീൻ പാസ് നിലനിൽക്കൂ. വിനോദ സഞ്ചാരികൾക്ക് ഐസിഎ ആപ്, വെബ്സൈറ്റ് എന്നിവിടങ്ങളിൽ വ്യക്തിഗത വിവരങ്ങളും വാക്സീൻ വിശദാംശങ്ങളും നൽകിയാൽ ഗ്രീൻപാസ് ലഭിക്കും.
യുഎഇയിൽ എത്തുന്നതിനു മുൻപ് ആപ് ഡൗൺലോഡ് ചെയ്ത് വാക്സീൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താൽ ലഭിക്കുന്ന യുണിഫൈഡ് ഐഡി നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. പുതിയ തൊഴിൽ വീസയിൽ എത്തിയവർ 2 മാസത്തിനകം വാക്സീൻ എടുത്ത് ഗ്രീൻ പാസ് നേടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല